ഇഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി: ബിനീഷ് നാല് ദിവസം കൂടി കസ്റ്റഡിയിൽ തുടരും

By Web TeamFirst Published Nov 7, 2020, 2:06 PM IST
Highlights

കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിൻ്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കിയതാണെന്ന് ബിനീഷിൻ്റെ അഭിഭാഷകൻ. 

ബെംഗളൂരു: മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപിൻ്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് ഇഡി. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് അനൂപ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും ഇഡി അഭിഭാഷകൻ വ്യക്തമാക്കി.

നിലവിൽ പ്രവർത്തിക്കാത്ത മൂന്ന് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുള്ളതായും വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം വിവരം ശേഖരിക്കാൻ ബിനീഷിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും  ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇഡിയുടെ വാദം അംഗീകരിച്ച ബെംഗളൂരു സെഷൻസ് കോടതി ബിനീഷിൻ്റെ കസ്റ്റഡി കാലാവധി നവംബർ 11 വരെ നീട്ടി. ഇതോടെ നാല് ദിവസം കൂടി ബിനീഷ് ഇഡി കസ്റ്റഡിയിൽ തുടരും. 

അതേസമയം ഇഡിയുടെ ജാമ്യാപേക്ഷയെ ബിനീഷിൻ്റെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യനില വളരെ മോശമായതിനാൽ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇഡിയുടെ ശ്രമമെന്നും ബിനീഷിൻ്റെ അഭിഭാഷകൻ പറഞ്ഞു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിൻ്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കിയതാണെന്നും അഭിഭാഷകൻ പറഞ്ഞു. 

ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഇന്ന് കേസിൽ കക്ഷി ചേരാനും ബിനീഷിനെ കസ്റ്റിയിൽ വിട്ടു കിട്ടാനുമായി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ബിനീഷിനെ വീണ്ടു കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ അപേക്ഷ പിൻവലിച്ചു. എന്നാൽ ബിനീഷിനെ കസ്റ്റഡിയിൽ കിട്ടാൻ എൻസിബി മറ്റൊരു കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന. 

click me!