ബാലുശ്ശേരിയിൽ പീഡനത്തിനിരയായ കുഞ്ഞിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു

By Web TeamFirst Published Nov 7, 2020, 1:36 PM IST
Highlights

കോഴിക്കോട് മെഡി.കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കോഴിക്കോട് ബാലുശേരിക്ക് അടുത്ത് ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാള്‍ ദമ്പതികളുടെ 6 വയസുകാരിയായ മകളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി സൂപ്രണ്ടിൽ നിന്നും വിവരങ്ങൾ തേടിയെന്നും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കോഴിക്കോട് മെഡി.കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ബാലാവകാശ കമ്മീഷൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടിരുന്നു. കുട്ടിക്കും കുടുംബത്തിനും വേണ്ട എല്ലാ സഹായവും നൽകുമെന്ന് കമ്മീഷൻ വ്യക്തമാക്കി. പെൺകുട്ടിയുടെ ആരോഗ്യ നിലതൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പീഡന കേസിൽ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയായ രതീഷ് ഇന്ന് പുലര്‍ച്ചെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സ്റ്റേഷനിലെ രണ്ടാം നിലയിലെ കോണിപ്പടിയിൽ നിന്ന് രതീഷ് താഴേക്ക് ചാടുകയായിരുന്നു. കൈക്കും തോളിനും കാലിനും പരിക്കേറ്റ പ്രതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

click me!