
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം പൂർത്തിയായി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി ചർച്ച ചെയ്ത യോഗം, നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി. കോടതിയിൽ നിന്ന് അനുകൂല വിധി വന്ന സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ ഇഡി ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേസിൽ വീണ്ടും കോടതിയിൽ ഹർജികൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാനും പഴുതടച്ച നീക്കങ്ങൾ നടത്താനും ഇഡി നിർദേശിച്ചിരിക്കുന്നത്. യോഗത്തിൽ മറ്റ് കേസുകളും ചർച്ചയായിട്ടുണ്ട്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതാണ് ഇഡിക്ക് നിർണ്ണായകമായത്. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് ഇസിഐആ രജിസ്റ്റർ ചെയ്യാത്തത് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി. സ്വത്തുക്കൾ മരവിപ്പിക്കുന്നതിനോ പ്രാഥമിക അന്വേഷണത്തിന് സമൻസ് നൽകി വിളിപ്പിക്കുന്നതിനോ ഇസിഐആർ ആവശ്യമില്ലെന്നും അത് നിയമപരമായ രേഖയല്ലെന്നും കോടതി ഉത്തരവിലുണ്ട്.
ഹൈക്കോടതി വിധി പുറത്തുവന്നതോടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ, സിഎംആർഎൽ ഉദ്യോഗസ്ഥർ എന്നിവർക്ക് ഉടൻ നോട്ടീസ് നൽകി ഇഡി അടുത്ത ഘട്ടത്തിലേക്ക് കടക്കും. 2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ രണ്ട് കോടിയിലധികം രൂപ വീണയ്ക്കും കമ്പനിക്കുമായി കരിമണൽ കമ്പനിയിൽ നിന്ന് ഐടി സേവനങ്ങൾക്ക് എന്ന പേരിൽ നൽകിയിട്ടുണ്ട്. എന്നാൽ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് എസ്എഫ്ഐഒ (SFIO) കണ്ടെത്തിയിരുന്നത്. ചെയ്യാത്ത സേവനത്തിന് നൽകിയ കോടികളിൽ നടന്ന കള്ളപ്പണ ഇടപാടാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. കുറ്റകൃത്യമില്ലെങ്കിൽ രേഖകൾ കൈമാറി അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചീറ്റ് വാങ്ങിക്കൂടേയെന്ന് വാദത്തിനിടെ കോടതിയും ചോദിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam