14.38 കോടി സ്വത്ത് 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ല; റെയ്ഡിൽ വിശദീകരണവുമായി ഇഡി

Published : Nov 22, 2025, 03:30 PM ISTUpdated : Nov 22, 2025, 03:46 PM IST
pv anvar home

Synopsis

22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. 

കൊച്ചി: പിവി അൻവറിന്‍റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാർത്താക്കുറിപ്പുമായി ഇഡി. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇന്നലെയാണ് അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്. 

അൻവർ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്ന് ഇഡി പറയുന്നു. അൻവറിന്‍റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്‍റെ യഥാർഥ ഉടമ താനാണെന്ന് അൻവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്‍റയും പേരിലാണ് സ്ഥാപനം ഉളളത്. ലോണെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ൽ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇഡി പറയുന്നു.

കെഎഫ്സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഈട് നൽകിയ വസ്തുവിൻറെ മുൻകാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ല.15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പിവി അൻവറിൻറെ ബെനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പിവിആർ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിർമ്മിച്ചതെന്നും, ഈ നിർമ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി. വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തു. കള്ളപ്പണത്തിൻ്റെ അളവ്, ഫണ്ട് വകമാറ്റൽ, ബെനാമി സ്വത്തുക്കൾ എന്നിവ കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

പതിനാല് മണിക്കൂർ നീണ്ട പരിശോധനയിൽ രേഖകൾ കണ്ടെടുത്ത് ഇഡി

പിവി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി ഇന്നലെ നടത്തിയ പതിനാല് മണിക്കൂർ നീണ്ട പരിശോധനയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ രേഖകൾ പരിശോധിച്ചശേഷം ചോദ്യം ചെയ്യാൻ പിവി അൻവറിനെ ഇ.ഡി വിളിപ്പിച്ചേക്കുമെന്നാണ് സൂചന. പിവി അൻവറിൻറേയും ബന്ധുക്കളേയും സഹായികളുടേയും വീടുകളിലും സ്ഥാപനങ്ങളിലുമായി ഇന്നലെ ആറിടങ്ങളിലാണ് ഇഡി ഒരേ സമയം പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് തുടങ്ങിയ പരിശോധന പതിനാല് മണിക്കൂർ നീണ്ട് രാത്രി ഒമ്പതു മണിയോടെയാണ് അവസാനിച്ചത്. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ ഇടപാടും ഇതിൻറെ മറവിൽ കള്ള പണ ഇടപാടുകളുമാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചില രേഖകളും രേഖകളുടെ പകർപ്പുകളും ഇഡി കൊണ്ടുപോയിട്ടുണ്ട്. കൊല്ലത്തെ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിൽ ഈ വിഷയത്തിൽ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. പാർക്ക് അടക്കമുള്ള പിവി അൻവറിൻറെ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡും നടത്തിയിരുന്നു. പിന്നാലെയാണ് ഇ ഡി അന്വേഷണം. കെഎഫ്സി ലോണുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയതെങ്കിലും പിവി അൻവറുമായി ബന്ധപ്പെട്ട് മറ്റ് ചില സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കുന്നതായി സൂചനയുണ്ട്. രാഷ്ട്രീയ വിരോധത്തിലാണ് നടപടിയെന്നാണ് പിവി അൻവറിൻറെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍
'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി