സ്വപ്നയുടെ ശബ്ദരേഖ ഇഡി നിഷേധിക്കാത്തത് ഗൗരവതരം, സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം: സിപിഎം

By Web TeamFirst Published Nov 21, 2020, 2:27 PM IST
Highlights

വിവാദ ശബ്ദരേഖ ഇഡി നിഷേധിക്കാത്തത് ഗൗരവതരമാണ്. സ്വയം വിശ്വാസ്യത തകർക്കുന്ന സ്ഥാപനമായി ഇഡി മാറി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം നിഷേധിക്കാത്തത് ഗൗരവതരമെന്ന് സിപിഎം. സംസ്ഥാനത്തെ ഇടത് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ എൻഫോഴ്സ്മെന്റും ഭാഗമാകുന്നു. വിവാദ ശബ്ദരേഖ ഇഡി നിഷേധിക്കാത്തത് ഗൗരവതരമാണ്. സ്വയം വിശ്വാസ്യത തകർക്കുന്ന സ്ഥാപനമായി ഇഡി മാറി. ഇഡിയുടെ വിശ്വാസ്യത തകർക്കാൻ നീക്കമെന്ന പ്രചാരണം പരിഹാസ്യമാണെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. 

അതേസമയം കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെ എൽഡിഎഫ് സമരം പ്രഖ്യാപിച്ചു. നവംബർ 25 ന് പ്രതിഷേധം നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ സമരപാതയിലേക്ക് നീങ്ങിയ സർക്കാരും സിപിഎമ്മും സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആവർത്തിച്ചാണ് കിഎഫ്ബി വിവാദത്തിൽ പ്രതിരോധം തീർക്കുന്നത്. സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് കിഫ്ബി ഓഡിറ്റിൽ സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ആയിരുന്നു വിവാദത്തുടക്കം.

സർക്കാരിന് നൽകിയ റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുന്പ് പുറത്ത് വിട്ടാണ് ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടിൽ നിർത്തിയത്. കിഫ്ബി വായ്പ ഭരണഘടനാവിരുദ്ധമെന്ന  സിഎജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബിജെപിയും  കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു. 

 

click me!