
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും എംഎൽഎയുമായ സിപിഎം നേതാവ് എസി മൊയ്തീന്റെ വീട്ടിൽ സംഘത്തിന്റെ പരിശോധന കഴിഞ്ഞു. റെയ്ഡ് 22 മണിക്കൂർ നീണ്ടുനിന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം. 22 മണിക്കൂർ മാധ്യമങ്ങൾ തന്റെ വീടിനു മുന്നിൽ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും താൻ ആർക്കോ വായ്പ ലഭിക്കാൻ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ആ കാലത്ത് താൻ ഡിസിസി സെക്രട്ടറിയായിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നിൽക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവിൽ തനിക്കില്ല. ഇരിങ്ങാലക്കുട സ്വദേശിയായ വ്യക്തിയുടെ മൊഴിയുണ്ടെന്ന് ഇഡി സംഘം പറഞ്ഞത്. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി.
അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam