
കാസർകോട്: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) യുടെ സമൻസിൽ പ്രതികരിച്ച് സി പി എം പിബി അംഗം എ വിജയരാഘവൻ. എങ്ങനെയെങ്കിലും പിണറായിയെ കള്ളക്കേസിൽ കുടുക്കാനാണ് ഇ ഡിയുടെ ശ്രമമെന്നാണ് വിജയരാഘവൻ അഭിപ്രായപ്പെട്ടത്. പാർട്ടിയെ തന്നെ തകർക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഒരു തെളിവുമില്ലെന്ന് അവർക്ക് തന്നെ അറിയാമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. പിണറായിയെ കുരുക്കാൻ കേന്ദ്ര ഏജൻസികളെ തേടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇ ഡി അല്ല അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് അന്വേഷിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാനാവില്ല. കള്ളക്കേസുകൾക്ക് മുന്നിൽ സി പി എമ്മിന് തെല്ലും ഭയമില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
അതേസമയം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യു ഡി എഫ് - ബി ജെ പി ഒത്തുകളിയുടെ ഭാഗമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ അഭിപ്രായപ്പെട്ടത്. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ് ഐ ആർ ഇടാമെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. എഫ് ഐ ആർ സർക്കാർ ഇട്ടാൽ മാത്രമേ ഇ ഡിക്ക് അവരുടെ എഫ് ഐ ആർ ഇടാൻ കഴിയൂ. അതുകൊണ്ടാണ് കാര്യങ്ങൾ അങ്ങനെ നീക്കിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എക്സാലോജിക് കേസിൽ തുമ്പില്ലെന്ന് മനസിലായതോടെ പുതിയ കേസ് വേണം എന്നായി. അതാണ് ഹവാല കേസ്. കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള അവസരം യു ഡി എഫ് ഉപയോഗിക്കുകയാണെന്നും അതിന് പിന്നിൽ ബി ജെ പിയുടെ താൽപര്യമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
അതേസമയം മാസപ്പടി അഴിമതി കേസിൽ ഇന്ന് രാവിലെയാണ് പിണറായി വിജയന് ഇ ഡിയുടെ സമൻസ് ലഭിച്ചത്. അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. പിണറായിക്കെതിരെ വിജിലൻസ് അഴിമിതി കേസെടുത്തതിന്റെ നാലാം ദിനം തന്നെ പിണറായിക്ക് സമൻസ് നൽകിയതോടെ അതിവേഗ നീക്കത്തിലാണ് ഇ ഡിയെന്ന് വ്യക്തമാകുകയാണ്. കരിമണൽ കമ്പനിയായ സി എം ആർ എൽ, വീണ ടി ക്ക് നൽകിയ 3.28 കോടി പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. സി എം ആർ എൽ മുൻ സി എഫ് ഒ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നുള്ളതാണ് പ്രധാന വാദം. ഇക്കാര്യങ്ങൾ പിണറായി വിശദീകരിക്കണം. പിണറായിയുടെ മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷണ റഡാറിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam