
കോഴിക്കോട് : വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ നടപടി എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെൻറിന് നിർദ്ദേശം നൽകിയത്. 24 മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് നിർദ്ദേശം. മണ്ണാർക്കാടിന് അടുത്ത് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനാണ്. സ്കൂളിൽ ഇപ്പോൾ മാനേജ്മെൻ്റ് കമ്മിറ്റി യോഗം ചേരുകയാണ്. യോഗത്തിന് ശേഷം നടപടിയിൽ തീരുമാനം അറിയിക്കും.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയിരുന്നത്. താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് അന്ന് പറഞ്ഞത്.
അഷ്റഫ് അന്ന് പറഞ്ഞത്…
‘ഡാന്‍സ് പഠിക്കാന്‍ കുട്ടികള്‍ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്‍ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളില്‍ അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നിന്ന് അല്‍പവസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്‍സും വെച്ച് അല്‍പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്‍പര്യമില്ലെന്നുമായിരുന്നു ടി.കെ അഷ്‌റഫ് പറഞ്ഞത്.