രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ സാക്ഷരത നേടിയത് മുൻ വർഷത്തേക്കാൾ 15 ഇരട്ടിയോളം പേര്‍

By Web TeamFirst Published Apr 29, 2019, 3:20 PM IST
Highlights

സര്‍ക്കാറിന്‍റെ വിവിധ സാക്ഷരതാ പദ്ധതികളുടെ ഭാഗമായി രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേര്‍ സാക്ഷരരായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. 

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ വിവിധ സാക്ഷരതാ പദ്ധതികളുടെ ഭാഗമായി രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേര്‍ സാക്ഷരരായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേര്‍ സാക്ഷരരായതായും അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേര്‍ അക്ഷരവെളിച്ചം നേടിയെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു. അട്ടപ്പാടിയിൽ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ – തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടിൽ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി. 

തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ 6683 പേർ സാക്ഷരരായി. ആദ്യഘട്ടം നടപ്പാക്കിയ തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 3568 പേരും രണ്ടാംഘട്ട പ്രവർത്തനം നടന്ന കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 3115 പേരും സാക്ഷരത നേടിയതായും മന്ത്രി അറിയിച്ചു.

കുറിപ്പിങ്ങനെ...

2 വർഷത്തിനിടെ- 63,554 പേർ സാക്ഷരരായി; സംസ്ഥാനത്തിന്‌ റെക്കോർഡ്‌ നേട്ടം

നിരക്ഷരതയുടെ തുരുത്തുകളിലേക്ക് അറിവിന്റെ വെളിച്ചമെത്തിച്ച സർക്കാർ പദ്ധതിയിൽ രണ്ടുവർഷത്തിനിടെ സാക്ഷരരായത‌് 63,554 പേർ. സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയാണ‌് മുൻ വർഷത്തേക്കാൾ 15 ഇരട്ടിയോളം പേർ സാക്ഷരരായത‌്. സാക്ഷരതാ മിഷൻ നടപ്പാക്കിയ ഏഴു സാക്ഷരത – തുടർവിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് സംസ്ഥാനം റെക്കോഡ് നേട്ടത്തിലെത്തിയത്. അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേരാണ് അക്ഷരവെളിച്ചം നേടിയത്.

തുടർവിദ്യാകേന്ദ്രങ്ങളുള്ള 2000 വാർഡുകളിൽ സർവേ നടത്തിയായിരുന്നു നിരക്ഷരരെ അക്ഷരലക്ഷം പദ്ധതിയിൽ സാക്ഷരതാ ക്ലാസുകളിൽ എത്തിച്ചത്. അട്ടപ്പാടിയിൽ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ – തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടിൽ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി. 

തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ 6683 പേർ സാക്ഷരരായി. ആദ്യഘട്ടം നടപ്പാക്കിയ തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 3568 പേരും രണ്ടാംഘട്ട പ്രവർത്തനം നടന്ന കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 3115 പേരും സാക്ഷരത നേടി. 

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേരും അക്ഷരലോകത്ത് എത്തി. പട്ടികവർഗ കോളനികളിൽ നടപ്പാക്കുന്ന സമഗ്രപദ്ധതിയിലൂടെ 1996 പേരും പട്ടികജാതി കോളനികളിൽ നടപ്പാക്കിയ നവചേതനയിലൂടെ 1756 പേരും സാക്ഷരരായി.

click me!