
കോട്ടയം: കെവിൻ വധക്കേസിൽ ഇരുപത്തിയെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. പ്രതികൾക്കെതിരെ രഹസ്യമൊഴി നൽകിയത് പൊലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്ന് അബിൻ കോടതിയില്‍ പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ട് പോകുന്നതുൾപ്പടെ അറിഞ്ഞിരുന്നെന്നാണ് അബിന്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. അക്രമത്തിനുപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടതായും അബിന്‍ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇക്കാര്യം രഹസ്യമൊഴിയായും നൽകിയിരുന്നു. ഈ മൊഴിയാണ് വിചാരണയ്ക്കിടെ മാറ്റിപ്പറഞ്ഞത്.
അതേസമയം, കേസില്‍ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കമുണ്ടായെന്നും, ഷാനു ചാക്കോയാണ് പണം നൽകിയതെന്നും ബിജു കോടതിയിൽ പറഞ്ഞു.
കെവിനുമായുള്ള വിവാഹ ശേഷം നീനു താമസിച്ച ഹോസ്റ്റലിന്‍റെ നടത്തിപ്പുകാരൻ ബെന്നി ജോസഫും കോടതിയിൽ മൊഴി നൽകി. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും ഒരു വർഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും സാക്ഷി ബെന്നി വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയതറിഞ്ഞ് അനീഷിന്‍റെ ബന്ധു സന്തോഷ് ഹോസ്റ്റലിൽ വന്നെന്നും ബെന്നി പറഞ്ഞു.
നീനുവിനെ കൈമാറിയാൽ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികൾ പറഞ്ഞതായും സന്തോഷ് ബെന്നിയെ അറിയിച്ചിരുന്നു. എന്നാൽ കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗർ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി.
കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്‍റെ പേരിൽ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam