കോട്ടൺ ഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം: വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

By Web TeamFirst Published Jul 25, 2022, 1:29 PM IST
Highlights

അതേസമയം വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ വിദ്യാർത്ഥിനികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രിൻസിപ്പാൾ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു

തിരുവനന്തപുരം: വഴുതയ്ക്കാട് കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനികളെ പത്താംക്ലാസ് വിദ്യാർത്ഥിനികൾ ഉപദ്രവിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി. സ്കൂളിലെ അധ്യാപകര മന്ത്രി ഇന്ന് ചേംബറിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. 

അതേസമയം വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ വിദ്യാർത്ഥിനികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പ്രിൻസിപ്പാൾ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. സ്കൂളിന്‍റെ സുരക്ഷ ഉറപ്പാക്കാൻ നാല് കവാടത്തിലും സിസിടിവികൾ സ്ഥാപിക്കും. മഫ്തി വനിത പൊലീസിന്‍റെ നിരീക്ഷണവും തുടരും.

തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനികളെ പത്താംക്ലാസ് വിദ്യാർത്ഥിനികൾ ഉപദ്രവിച്ച സംഭവത്തിൽ ഇന്ന് രാവിലെ പ്രധാന അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത് വന്നിരുന്നു. ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് സ്കൂളിനെ തകർക്കാനുള്ള ശ്രമമാണെന്നായിരുന്നു പിടിഎയുടെ പ്രതികരണം. 

കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ചെറിയ കുട്ടികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാർത്ഥികളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസികളെ വിദ്യാർത്ഥികൾ തടഞ്ഞു ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈഞരന്പ് മുറിച്ച് കൊല്ലുമെന്നും  സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സതേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു.  ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ് ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല എന്നാണ് വിദ്യാർത്ഥികളുടെ മൊഴി.

ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ ഇന്ന് കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്.പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപിസ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ  പുറത്തു നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. 

സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപെട്ട ഉടൻ പൊലീസിലും ഉന്നതാധികാരികൾക്കും റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ടെന്നുമാണ് ഹെഡ് മാസ്റ്റർ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 
 

click me!