അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published May 11, 2019, 10:39 AM IST
Highlights

അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും മന്ത്രി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ ഒരു അധ്യാപകന്‍ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് നിഗമനം. 

കോഴിക്കോട്: നീലേശ്വരം സ്കൂളിൽ അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  സി രവീന്ദ്രനാഥ്. അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും മന്ത്രി വിദ്യാഭ്യാസ മന്ത്രി ന്യൂസിനോട് പറഞ്ഞു.

സംഭവത്തിൽ ഒരു അധ്യാപകന്‍ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് നിഗമനം. വിജയശതമാനം കൂട്ടാൻ ഒരു സമ്മർദ്ദവും സ്കൂളുകൾക്ക് മേലിലില്ലെന്നും അധ്യാപകൻ ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇപ്പോൾ വ്യക്തമായിട്ടില്ലെന്നും സി രവീന്ദ്രനാഥ് പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ അധ്യാപകന്‍റെ വാദങ്ങൾ പൊളിയുകയാണ്. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചതാണെന്ന അധ്യാപകന്‍റെ വാദം വിദ്യാർത്ഥിയും തള്ളി. പഠന വൈകല്യം ഉള്ളത് കൊണ്ട് സഹായിച്ചു എന്ന വാദം തെറ്റാണെന്നും തനിക്ക് പകരം അധ്യാപകൻ പരീക്ഷ എഴുതിയ വിവരം അറിഞ്ഞില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. ഇത്തവണ നന്നായി പരീക്ഷ എഴുതിയിരുന്നുവെന്നും പരീക്ഷ ഫലം തടഞ്ഞു വെച്ചതിൽ വിഷമം ഉണ്ടെന്നും  വിദ്യാർത്ഥി കൂട്ടിച്ചേര്‍ത്തു,

പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്ന വാദം കളവാണെന്ന് സ്കൂളിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയും ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയർസെക്കൻഡറി ഡയറക്ടർ തിങ്കളാഴ്ച ഡിജിപിക്ക് കൈമാറും. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചുവെന്നാണ് സസ്പെൻഷനിലായ നീലേശ്വരം സ്കൂളിലെ അധ്യാപകന്‍റെ വാദം. എന്നാൽ ഈ വാദം കളവാണെന്ന് ഇതേ സ്കൂളിൽ, ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ക്രമക്കേട് കണ്ടെത്തിയ ശേഷം ഹയർ സെക്കൻഡറി വകുപ്പ് നടത്തിയ തെളിവെടുപ്പിൽ അധ്യാപകൻ കുറ്റം സമ്മതിച്ചിരുന്നു. അന്ന് രേഖാമൂലം നൽകിയ മൊഴിയിൽ പഠനവൈകല്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ഇനി നടക്കാനുള്ള വകുപ്പ്തല അന്വേഷണത്തിലും പൊലീസ് അന്വേഷണത്തിലും കുട്ടികളെ സഹായിച്ചുവെന്ന വാദം ഉയർത്തുകയാണ് അധ്യാപകന്‍റെ ലക്ഷ്യം. 

എന്നാൽ, പഠന വൈകല്യമുള്ള കുട്ടികൾക്ക് പകരമായി പരീക്ഷയെഴുതണമെങ്കിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. അത് അധ്യാപകർക്ക് എഴുതാനും കഴിയില്ല. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപികയടക്കം മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. നാല് കുട്ടികൾക്ക് വേണ്ടി ആളുമാറി പരീക്ഷയെഴുതുകയും 32 ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. എവിടെ വച്ച് ഉത്തരക്കടലാസുകൾ തിരുത്തി, പണം വാങ്ങി തിരുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്ന പരാതിയാണ് ഹയർ സെക്കൻഡറി ഡയറക്ടർ ഡിജിപി കൈമാറുക.

click me!