
തിരുവനന്തപുരം: ആളില്ലാത്ത തക്കം നോക്കി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ തുരത്തിയോടിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘയെ ആണ് മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. കഴിഞ്ഞ ദിവസമാണ് അനഘയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. അനഘയ്ക്ക് തുണയായത് ആത്മധൈര്യവും കരാട്ടെ പരിശീലനവുമാണെന്നും മന്ത്രി പറഞ്ഞു.
അനഘയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച വിവരം മന്ത്രി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. 'വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ചയാളെ പ്രതിരോധിക്കുകയും അയാൾക്ക് പിന്തിരിഞ്ഞോടേണ്ട ഗതി ഉണ്ടാക്കുകയും ചെയ്ത അനഘ എന്ന മിടുമിടുക്കിക്ക് എല്ലാവിധ അഭിനന്ദനങ്ങളും. തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അനഘയ്ക്ക് തുണയായത് ആത്മധൈര്യവും കരാട്ടെ പരിശീലനവും ആണ്. അനഘയുമായി ഫോണിൽ സംസാരിച്ചു. എല്ലാവിധ ആശംസകളും നേർന്നു'- വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് രാവിലെയാണ് അനഘയ്ക്ക് നേരെ അതിക്രമം നടന്നത്. 7.30 ഓടെ ഒരാള്‍ അനഘയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടിലേക്ക് കയറിയ അക്രമി അനഘയുടെ വാ പൊത്തി. ഇതോടെ അനഘയ്ക്ക് ശ്വാസംമുട്ടി. പെട്ടന്നുള്ള ഞെട്ടല്‍ മാറിയതോടെ അനഘ അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ടു ചവിട്ടിത്തെറിപ്പിച്ച ശേഷം അടുക്കളയില്‍ കിടന്ന തേങ്ങ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തിരിച്ചടി കിട്ടിയതോടെ അക്രമി ഓടി പുറത്തിറങ്ങി. വീടിന് പിന്നിലെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
കരാട്ടെ പഠിച്ചതുകൊണ്ട് അക്രമിയെ പെട്ടന്ന് പ്രതിരോധിക്കാനായെന്ന് അനഘ പറയുന്നു. വിവരമറിഞ്ഞ് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളിയാണ് അക്രമിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ പ്രതിയെ പിടികൂടുമെന്നും ഹില്‍പാലസ് പൊലീസ് അറിയിച്ചു.
Read More : പുലര്‍ച്ചെ പ്രസവ വേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ് ജീവനക്കാർ; പെണ്‍കുഞ്ഞിന് ജന്മം നല്‍കി ബിഹാര്‍ സ്വദേശിനി
Read More : നഗ്നനായി നടന്ന് മോഷണം, ജയിലില്‍ നിന്നിറങ്ങി വീണ്ടും കവര്‍ച്ച; 'വാട്ടർ മീറ്റർ' കബീര്‍ മലപ്പുറത്ത് പിടിയില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam