പിഎം ശ്രീയിൽ വീണ്ടും പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി; 'കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, കേരളത്തിൻ്റെ അവകാശം'

Published : Nov 13, 2025, 12:20 PM ISTUpdated : Nov 13, 2025, 12:23 PM IST
V Sivankutty

Synopsis

കേന്ദ്ര ഫണ്ട് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ഫണ്ട് കേരളത്തിൻ്റെ അവകാശമാണ്, ഔദാര്യമല്ല. സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ നിയമങ്ങൾക്ക് വിരുദ്ധമല്ലാത്ത പദ്ധതികൾ മാത്രം സ്വീകരിക്കുമെന്നും മന്ത്രി. 

തിരുവനന്തപുരം: കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഭരണപരമായ ബാധ്യതയുടെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെയും സംയോജനമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ അർഹതപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി.

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള ആദ്യ ഘട്ട ശ്രമം പോലും സംസ്ഥാന താൽപര്യം മുൻനിർത്തിയാണ്. നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താൻ സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാൻ ഇനിയും ശ്രമിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

അതേ സമയം, പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.

സിപിഐയുടെ സമ്മർദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മന്ത്രി സഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ വകുപ്പ് കത്ത് ബോധ പൂർവ്വം വൈകിപ്പിച്ചു. കത്തയക്കാൻ വൈകുന്നതിൽ ഇന്നും സിപിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് കത്തയച്ചത്. ഇതിനിടെ തടഞ്ഞു വെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു