കുറ്റ്യാടിയിലെ വനഭൂമി കൈമാറാനുള്ള നീക്കം; പുനപരിശോധന ഉത്തരവ് ചട്ടവിരുദ്ധമെന്ന് എജി

By Web TeamFirst Published Nov 29, 2020, 1:27 PM IST
Highlights

ഇഎഫ്എൽ നിയമത്തിനെതിരെയുള്ള കേസുകള്‍ ദുർബലപ്പെടുത്താൻ സർക്കാർ ഉത്തരവ് കാരണമാകുമെന്നാണ് എജിയുടെ നിയമോപദേശം. ഇഎഫ്എൽ കസ്റ്റോഡിയനാണ് നിയമപദേശം നൽകിയത്.

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഇഎഫ്എൽ നിയമപ്രകാരം 219 ഏക്കർ ഭൂമി ഏറ്റെടുത്തത് പുനപരിശോധിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമെന്ന് അഡ്വക്കേറ്റ് ജനറൽ. ഇഎഫ്എൽ നിയമത്തിനെതിരെയുള്ള കേസുകള്‍ ദുർബലപ്പെടുത്താൻ സർക്കാർ ഉത്തരവ് കാരണമാകുമെന്നാണ് എജിയുടെ നിയമോപദേശം. ഇഎഫ്എൽ കസ്റ്റോഡിയനാണ് നിയമപദേശം നൽകിയത്.

19 വർഷം മുമ്പ് സർക്കാർ ഏറ്റെടുത്ത കുറ്റ്യാടിയിലെ അഭിരാമി പ്ലാൻറേഷൻ വിട്ടുകൊടുക്കാനാണ് നീക്കം നടക്കുന്നത്. 219.51 ഏക്കർ ഭൂമി ഇഎഫ്എൽ നിയമപ്രകാരം ഏറ്റെടുത്ത് ഇഎഫ്എൽ കസ്റ്റോഡിയനും ട്രൈബ്യൂണലും ശരിവച്ചിരുന്നു. തോട്ടം ഉടമക്ക് നിയമപ്രകാരം ഹൈക്കോടതിയോ സുപ്രീംകോടതിയെ മാത്രമേ സമീപിക്കാൻ കഴിയുവെന്നിരിക്കെയാണ് തോട്ടം ഉടമയെ സഹായിക്കാൻ വനംവകുപ്പ് മന്ത്രി തന്നെ നീക്കം നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ കൊണ്ടുള്ള ഏറ്റവും ശക്തമായ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വനംഭൂമിയായി ഏറ്റെടുത്ത നടപടി പുനപരിശോധിക്കാൻ സമിതിയുണ്ടാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഈ സമിതിയിൽ തോട്ടം ഉടമയെയും ഉള്‍പ്പെടുത്തി. ഇത് നിയവിരുദ്ധമെന്നാണെന്നാണ് എജിയുടെ റിപ്പോ‍ർട്ട്. ഉത്തരവ് വിവാദമായതിനെ തുടർന്നാണ് ഇഎഫ്എൽ കസ്റ്റോഡിയനാനായ അഡീഷണൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റാണ് ഉപദേശം തേടിയത്. 

നിയമപ്രകാരം വനംഭൂമി ഏറ്റെടുക്കാനും പരിശോധിക്കാനും ഇഎഫ്എൽ കസ്റ്റോഡിനുമാത്രമാണ് അധികാരം, സർക്കാരിന് ഇടപെടാൽ കഴിയില്ലെന്നിരിക്കെ പരിശോധന സമിതി നിയമവിരുദ്ധമെന്നാണ് എജിയുടെ മറുപടി. ഒരു തോട്ടം ഉടമയുടെ പരാതിയിൽ  സർക്കാർ സമിതിയുണ്ടാക്കിയ സാഹചര്യത്തിൽ സമാനപരാതയുമായി മറ്റ് തോട്ടം ഉടമകളെത്തിയാൽ ഇതേ കീഴ്വഴക്കം പാലിക്കേണ്ടിവരും. ഇത് ഇഎഫ്എൽ നിയമത്തെ തന്നെ അട്ടിമറിക്കാൻ ഇടയാക്കും. ഇഎഫ്എൽ നിയമം അട്ടിമറിച്ചാൽ 34,000 ഏക്ക‌ർ വനംഭൂമിയാകും നഷ്ടമാവുക. വിവാദങ്ങള്‍ ഉയരുമ്പോഴും വനംമന്ത്രിയും സിപിഐയും മൗനം പാലിക്കുകാണ്.
 

click me!