കെഎസ്ടിഎ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ചെണ്ടമേളം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകർക്കെതിരെ ക്ഷുഭിതനായി. ഗൗരവമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ തടസ്സമുണ്ടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: അധ്യാപക സംഘടനയായ കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചെണ്ടകൊട്ടിയവർക്കെതിരെ മുഖ്യമന്ത്രി പ്രസംഗത്തിനിടയിൽ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 'നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇത്? പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോ' - എന്നായിരുന്നു പിണറായി മൈക്കിലൂടെ പരസ്യമായി ചോദിച്ചത്. വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കർശനായി പറയുകയും ചെയ്തു.
ചെന്നിത്തലക്ക് വിമർശനം
അതേസമയം ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിക്കുകയും ചെയ്തു. പുസ്തകം നേരത്തെ അച്ചടിച്ചിറക്കുന്നത് തുഗ്ലക്ക് പരിഷ്കാരമെന്ന ചെന്നിത്തലയുടെ പ്രസ്താവനക്കാണ് മുഖ്യമന്ത്രിയുടെ വിമർശനമേറ്റത്. പുസ്തകം നേരത്തെ അച്ചടിച്ചിറക്കിയതിനെ വിമർശിച്ച മഹാന്‍റെ മന്ത്രിസഭയുടെ കാലത്ത് പാഠപുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകിയ കാര്യം ഓർക്കണമെന്നായിരുന്നു പിണറായിയുടെ പരിഹാസം. ഗാന്ധിവധം കുട്ടികൾ പഠിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ നയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗാന്ധി വന്ധം കുട്ടികളിൽ നിന്നും മറച്ചു വയ്ക്കുകയാണ്. ഗാന്ധിയെ വധിച്ചവരെ വീരപുരുഷൻമാരായി ചിത്രീകരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.


