ഇഎഫ്എൽ നിയമം അട്ടിമറിക്കുന്നു; സ്വകാര്യ എസ്റ്റേറ്റ് ഉടമയെ സഹായിക്കാൻ സർക്കാരിൻ്റെ വഴിവിട്ട നീക്കം

By Web TeamFirst Published Nov 25, 2020, 10:42 AM IST
Highlights

കുറ്റ്യാടിയിൽ 219.51 ഏക്കർ ഭൂമിയാണ് ഇഎഫ്എൽ നിയമപ്രകാരം വനംവകുപ്പ് 2000ൽ ആണ് ഏറ്റടുത്തത്. അഭിരാമി പ്ലാൻ്റേഷൻ റിസോർട്ട് എന്ന കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ഇഎഫ്എൽ നിയമപ്രകാരം ഏറ്റെടുത്തത്.

തിരുവനന്തപുരം: ഇഎഫ്എൽ നിയമം അട്ടിമറിച്ച് സ്വകാര്യ എസ്റ്റേറ്റ് ഉടമയെ സഹായിക്കാൻ സർക്കാരിന്റെ വഴിവിട്ട നീക്കം. ഇഎഫ്എൽ നിയമപ്രകാരം കോഴിക്കോട് കുറ്റ്യാടിയിലെ അഭിരാമി പ്ലാൻ്റേഷൻ ഏറ്റെടുത്ത വനംവകുപ്പ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ രൂപീകരിച്ചു. പ്ലാൻ്റേഷൻ ഉടമ നൽകിയ നിവേദനത്തെ തുടർന്നാണ് ഉടമയെ തന്നെ ഉൾപ്പെടുത്തി സമിതി ഉണ്ടാക്കിയത്.

കുറ്റ്യാടിയിൽ 219.51 ഏക്കർ ഭൂമിയാണ് ഇഎഫ്എൽ നിയമപ്രകാരം വനംവകുപ്പ് 2000ൽ ആണ് ഏറ്റടുത്തത്. അഭിരാമി പ്ലാൻ്റേഷൻ റിസോർട്ട് എന്ന കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ഇഎഫ്എൽ നിയമപ്രകാരം ഏറ്റെടുത്തത്. നാലംഗ സമിതിയുടെ പരിശോധനയിൽ വനഭൂമിയാണെന്നും തോട്ടമല്ലെന്നും കണ്ടെത്തിയതോടെ ഇഎഫ്എൽ കസ്റ്റോഡിയൻ നടപടി ശരിവച്ചു. പ്ലാൻറേഷൻ കമ്പനി ട്രൈബ്യൂണലിൽ പോയെങ്കിലും അപേക്ഷ പിൻവലിച്ചു. 

പിന്നീട് ഉടമയ്ക്കു മുന്നിലുള്ളത് ഇഎഫ്എൽ നിയമപ്രകാരം ഹൈക്കോടതിയെ സമീപിക്കുക എന്ന മാര്‍ഗ്ഗം മാത്രമായിരുന്നു. പക്ഷെ കമ്പനി ഉടമ ഈ സർക്കാരിൻ്റെ കാലത്ത് വനംമന്ത്രിക്ക് അപേക്ഷ നൽകിയതിൽ നിന്നാണ് അട്ടിമറി തുടങ്ങുന്നത്. പ്ലാൻ്റേഷൻ കമ്പനിയുടെ അപേക്ഷയിൽ ഒരു സമിതിയുണ്ടാക്കാൻ ഈ മാസം മൂന്നിന് സർക്കാർ ഉത്തരവിറക്കി. ഇഎഫ്എൽ നിയമ പ്രകാരം ട്രിബ്യൂണൽ ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാരിന് സമിതി ഉണ്ടാക്കാൻ വ്യവസ്ഥയില്ല. മാത്രമല്ല ഈ സമിതിയിൽ അഭിരാമി പ്ലാൻ്റേഷൻ ഉടമയെയും ഉള്‍പ്പെടുത്തിയതാണ് ദൂരൂഹത കൂടുന്നത്. 

വനംവകുപ്പ് ഉദ്യോഗസ്ഥൻ, പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസത്രജ്ഞൻ, കോഫി ബോർഡ് അംഗം, കൃഷിവകുപ്പിൻ്റെ പ്രതിനിധി എന്നിവരാണ് സമിതികള്‍ അംഗങ്ങള്‍. പുതിയ സമിതിയെ വച്ച് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ഇഎഫ്എൽ കസ്റ്റോഡിയൻ കൂടിയായ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ സർക്കാരിന് കത്തു നൽകിയെങ്കിലും സമിതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. വനഭൂമി അഭിരാമി പ്ലാൻ്റേഷന് വിട്ടുകൊടുക്കാനാകണ് സമിതി ഉണ്ടാക്കിയതെന്ന് വ്യക്തം. അഭിരാമി പ്ലാൻ്റേഷന് ഈ ഭൂമി വിട്ടുകൊടുത്താൽ നാളെ സർക്കാർ ഏറ്റെടുത്ത മറ്റ് എസ്റ്റേറ്റുകളും സമാന രീതിയിൽ വിട്ടുകൊടുക്കേണ്ടിവരും.

click me!