
തിരുവനന്തപുരം: സംസ്ഥാനത്തെ അവയവദാന ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് (Thiruvananthapuram Medical College). മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ എട്ട് അവയവങ്ങൾ ദാനം (Organ Donation) ചെയ്തു. ഏഴ് പേർക്കാണ് വിനോദിന്റെ അവയവങ്ങൾ പുതിയ ജീവിതം നൽകുക.
കൊല്ലം കിളികൊല്ലൂർ സ്വദേശിയായ വിനോദ് ഡിസംബർ 30നാണ് അപകടത്തിൽപ്പെടുന്നത്. കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്ക് വച്ചായിരുന്നു അപകടം. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഇന്നലെയാണ് സ്ഥിരീകരിച്ചത്.
54 കാരനായ വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്ക ഒന്ന് കിംസിലേക്കാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കൈകൾ രണ്ടും ( ഷോൾഡർ മുതൽ) എറണാകുളം അമൃതയിലേക്ക് കൊണ്ടുപോകും. കണ്ണുകൾ (കോർണിയ) (രണ്ടും) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറി.
മുൻപും അവയവദാനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഒരാളിൽ നിന്ന് എട്ട് അവയവങ്ങൾ ദാനം ചെയ്യുന്നത് ഇതാദ്യമാണ്.
വിനോദിന്റെ മകൾ ഗീതു അര്‍ബുദരോഗത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെ ചികിത്സയിലൂടെ ഗീതു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കെയാണ് വിനോദിന് അപകടം സംഭവിക്കുന്നത്. വിനോദിനും ഭാര്യ സുജാതയ്ക്കും രണ്ട് പെൺമക്കളാണ് ഗീതുവും നീതുവും.
മന്ത്രി ആന്‍റണിരാജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടെത്തി അവയവദാനത്തിനു സന്നദ്ധത കാട്ടിയ വിനോദിന്‍റെ ബന്ധുക്കളെ ആദരവറിയിച്ചു. കുടുംബനാഥന്‍റെ വേര്‍പാട് സൃഷ്ടിച്ച തീരാവേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കാണിച്ച സന്മനസിന് വിനോദിന്‍റെ ഭാര്യ സുജാതയെയും മക്കളായ ഗീതുവിനെയും നീതുവിനെയും മന്ത്രി നന്ദി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam