പീരുമേട് റിമാൻഡ് പ്രതിയുടെ മരണം: നെടുങ്കണ്ടം സിഐ ഉൾപ്പടെ 8 പൊലീസുകാർക്ക് കൂട്ട സ്ഥലംമാറ്റം

By Web TeamFirst Published Jun 25, 2019, 2:54 PM IST
Highlights

ഡോക്ടർമാരുടെ അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് സിഐയെ ഉൾപ്പടെ സ്ഥലം മാറ്റിയിരിക്കുന്നത്. 

ഇടുക്കി: ഇടുക്കി പീരുമേട് സബ്‍ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സി ഐ ഉൾപ്പടെ 8 പേർക്ക് സ്ഥലംമാറ്റം. ഡോക്ടർമാരുടെ അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് സിഐയെ ഉൾപ്പടെ സ്ഥലം മാറ്റിയിരിക്കുന്നത്. 

നെടുങ്കണ്ടം സി ഐയെ മുല്ലപ്പെരിയാർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇവരെ എ ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്‍കുമാറിന്‍റെ മൃതദേഹത്തിൽ ചതവുണ്ടെന്നും ഇത് മർദ്ദനത്തെ തുടർന്നാണോ എന്ന് വ്യക്തമല്ലെന്നുമാണ് നേരത്തെ ഡോക്ടർമാരുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാര്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. എന്നാൽ ഈ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂൺ 16-ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. അതേസമയം ജൂൺ 12ന് രാജ്‍കുമാറിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

അവശനിലയിൽ ജയിലിലെത്തിച്ച രാജ്‍കുമാറിന് കൃത്യസമയത്ത് ചികിത്സ നൽകാത്തതിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. അറസ്റ്റിനിടെ രക്ഷപ്പെടാൻ ശ്രമിച്ച രാജ്‍കുമാറിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ പറ്റിയ പരിക്കുകളാണ് ശരീരത്തിലുള്ളത്. ഇക്കാര്യം അറസ്റ്റ് രേഖകളിൽ പരാമർശിച്ചിട്ടുമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം രൂപ തട്ടിച്ചെന്നായിരുന്നു വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിനെതിരായ കേസ്.

click me!