ബാദുഷയും ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കത്തിന് പിന്നാലെ ഉയർന്ന 'ബട്ട് ക്യാഷ്?' കമന്റുകൾ ഇപ്പോൾ പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ പോസ്റ്റുകളിലും നിറയുന്നു. വിവാദ ബാങ്കറിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണിത്. 

പത്തനംതിട്ട: പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. തന്നിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നായിരുന്നു ഹരീഷിന്‍റെ ആരോപണം. ഹരീഷ് കണാരന് ഏഴ് ലക്ഷം രൂപയാണ് ഇനി കൊടുക്കാനുള്ളതെന്നും ബാങ്ക് ഡീറ്റൈൽസുണ്ടെന്നും നിയമപരമായിട്ടാകും അക്കാര്യം തീരുമാനിക്കുകയെന്നും ബാദുഷ പറഞ്ഞിരുന്നു. എന്നാൽ ബാദുഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അടുത്തിടെ വന്ന കമന്റുകൾ വൈറലായിരുന്നു, 'ദില്ലിയിലേക്ക് യാത്ര ചെയ്യുന്നു', എന്ന ക്യാപ്ഷനോടെ എയർപോർട്ടിൽ നിന്നുള്ളൊരു പോസ്റ്റ് പങ്കുവച്ച ബാദുഷയുടെ ചിത്രത്തിന് താഴെ 'ഹാപ്പി ജേണി, ബട്ട് ക്യാഷ്?' എന്ന കമന്റുകളാണ് നിറഞ്ഞത്. ബാദുഷ എന്ത് പോസ്റ്റ് ചെയ്താലും ബട്ട് ക്യാഷ്? എന്ന കമന്‍റുകളാണ് നിറയുന്നത്.

ഇപ്പോൾ പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ പോസ്റ്റുകൾക്ക് താഴെയും അതേ രീതിയിലാണ് കമന്‍റുകൾ വരുന്നത്. തിരുവല്ലയിലെ വിവാദ ബാങ്കറായ എൻ എം രാജുവിൽ നിന്ന് രണ്ട് കോടി വാങ്ങി കബളിപ്പിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നലെയാണ് ഈ തരത്തിൽ ആന്‍റോ ആന്‍റണിക്കെതിരെ ട്രോളുകൾ നിറയുന്നത്. അതേസമയം, സിപിഎം നേതാവ് കെ പി ഉദയഭാനുവിനെതിരെ ആന്‍റോ ആന്‍റണി വക്കീൽ നോട്ടീസ് അയച്ചിരുന്നു. രണ്ട് ആരോപണങ്ങളിലാണ് നിയമനടപടി.

തന്ത്രിയുടെ രണ്ടരക്കോടി നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞപ്പോൾ ആന്‍റോ ആന്‍റണി തുക പിൻവലിച്ചെന്നുമാണ് ഒരു ആക്ഷേപം. എൻ എം രാജുവിന്‍റെ കൈയിൽ നിന്നും രണ്ടുകോടി വാങ്ങിയെങ്കിലും 20 ലക്ഷം മാത്രമാണ് തിരികെ കൊടുത്തെന്നുമാണ് മറ്റൊരു ആരോപണം. രണ്ട് ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ആന്‍റോ ആന്‍റണി അവകാശപ്പെടുന്നുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനു ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നും വക്കീൽ നോട്ടീസ് വിശദമാക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.

മറുപടി

തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ചു എന്ന് മാധ്യമ വാർത്ത വന്നിരുന്നുവെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് താൻ പ്രതികരിച്ചത് എന്ന് ഉദയഭാനു നോട്ടീസിന് പിന്നാലെ പ്രതികരിക്കുന്നത്. ആൻ്റോ ആൻറണി രണ്ടര കോടി രൂപ പിൻവലിച്ചു എന്നത് വളരെ വ്യക്തമാണ്. എല്ലാം അന്വേഷിച്ചു കണ്ടെത്തട്ടെ. ഇ ഡി യുടെ കയ്യിൽ രേഖ ഉണ്ട്. ഇഡി പരിശോധിക്കട്ടെ. ആൻ്റോയുടെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും. മാപ്പ് പറയേണ്ടത് ആൻ്റോ ആൻറണിയാണെന്നും ബാക്കി സാമ്പത്തിക ക്രമക്കേടുകളുടെ പട്ടിക കൂടി വരുന്നുണ്ടെന്നും കെ പി ഉദയഭാനു പ്രതികരിച്ചു.