ഡോക്ടറുടെ അശ്രദ്ധ മൂലം എട്ട് വയസുകാരൻ മരിച്ചതായി പരാതി; നിയമ നടപടിക്കൊരുങ്ങി കുടുംബം

By Web TeamFirst Published Jul 3, 2019, 7:29 AM IST
Highlights

അതീവ ഗുരുതരാവസ്ഥയിലായ ശ്രീറാമിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗ നിർണയത്തിലെ പിഴവ് മൂലമാണ് മകൻ മരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം

തൃശൂർ: ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ഡോക്ടറുടെ അശ്രദ്ധ മൂലം എട്ട് വയസുകാരൻ മരിച്ചതായി പരാതി. നടവരമ്പ് സ്വദേശി ഷിബുവിന്‍റെ മകൻ ശ്രീറാമാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം.

കഴിഞ്ഞ മാസം 18 നാണ് പനിയുടെ ലക്ഷണങ്ങളോടെ ശ്രീറാമിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചാംപനിയാണെന്ന് വിലയിരുത്തിയ ഡോക്ടർ ഷാജി ജേക്കബ് മരുന്ന് കുറിച്ചു നൽകി. പനിയും ശർദ്ദിയും മൂർച്ഛിച്ചതിനെത്തുടർന്ന് മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ സമീപിച്ചു. സ്കാൻ എടുക്കാനായിരുന്നു മറുപടി. 

സ്കാനിംഗിലാണ് രോഗം ന്യൂമോണിയയാണെന്നും ശ്വാസകോശത്തിൽ അണുബാധ ഉണ്ടെന്നും വ്യക്തമായത്. അതീവ ഗുരുതരാവസ്ഥയിലായ ശ്രീറാമിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗ നിർണയത്തിലെ പിഴവ് മൂലമാണ് മകൻ മരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

എന്നാൽ, രോഗ നിർണയത്തിൽ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ തേടിയെത്തുമ്പോൾ ശ്രീറാമിന് ന്യൂമോണിയ ലക്ഷണങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു. തുടർചികിത്സക്കായി അഡ്മിറ്റ് ചെയ്യാനുള്ള നിർ‍ദേശം രക്ഷിതാക്കൾ പാലിച്ചില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയാണെന്നും കേസെടുത്തിട്ടില്ലെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ജൂൺ 9 ന് ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചു.

click me!