
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദരാജ്ഞലി അർപ്പിക്കാനെത്തി ഇ കെ നായനാരുടെ മകൻ കൃഷ്ണകുമാർ. ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻചാണ്ടിയാകാനാണ് ശ്രമിക്കേണ്ടതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ''ആദരാജ്ഞലി അർപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഉമ്മൻ ചാണ്ടി സാറിനെ കുറെനേരം അടുത്തിരുന്ന് ആദരാജ്ഞലി അർപ്പിക്കാനാണ് ഞാൻ വന്നത്. എന്റെയും കുടുംബത്തിന്റെയും അമ്മയുടെയും ആദരാജ്ഞലികൾ കൂടി അർപ്പിക്കാനാണ് വന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ വ്യക്തമായ ഒരു മെസ്സേജ് ആണ് ഉമ്മൻ ചാണ്ടി സർ ഇപ്പോൾ കേരളത്തിന് കൊടുത്തിരിക്കുന്നത്. 19 വർഷം പുറകിലേക്ക് പോയാൽ അന്ന് അച്ഛനുമുണ്ടായിരുന്നു വിലാപയാത്ര. ഇതൊന്നും ആരോടും നിർബന്ധിച്ച് അവിടെപ്പോയി കാണണം, ഉമ്മൻ ചാണ്ടി സാറിന്റെ വിലാപയാത്ര വരുന്നുണ്ട് പോകണം എന്നല്ല. അവരൊരു കടല് പോലെ ഒഴുകി വരുന്നതാണ്. അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. അതെത്ര പേർക്ക് കിട്ടുന്നു, എത്ര പേർക്ക് ജനം കൊടുക്കുന്നു എന്നത് ജനത്തിന്റെ മനസ്സിലുള്ള കാര്യമാണ്.'' കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന യോഗത്തിന് ശേഷമായിരിക്കും കോണ്‍ഗ്രസ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടക്കുകയെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വൈകാതെ ഉണ്ടാകും എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാല്‍, ഇപ്പോൾ അനുശോചന പരിപാടികൾക്കാണ് പാർട്ടി മുൻതൂക്കം നൽകുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻ ചാണ്ടിയാണ് മരിച്ച ശേഷമെന്നും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പാർട്ടിക്ക് കരുത്തായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1970 ൽ കോൺഗ്രസിന്‍റെ കടുത്ത പ്രതിസന്ധി കാലത്താണ് പുതുപ്പള്ളിയെ ഉമ്മൻചാണ്ടിയും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയും ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് 12 തവണയും പുതുപ്പള്ളിക്ക് ഒരേ ഒരു തെരഞ്ഞെടപ്പേ ഉണ്ടായിട്ടുള്ളു. ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം ഇനിയാരെന്നാണ് ചോദ്യം. സമീപകാല ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം നോക്കിയാൽ കോൺഗ്രസിന്‍റെ പ്രഥമ പരിഗണന കുടുംബാംഗങ്ങൾക്ക് തന്നെയാണ്. സാധ്യതാ ചര്‍ച്ചകളിൽ മുന്നിൽ മകൻ ചാണ്ടി ഉമ്മനാണ്. രാഷ്ട്രീയ പരിചയം ചാണ്ടിക്കാണെങ്കിലും ജന സ്വീകര്യതയിൽ മകൾ അച്ചു ഉമ്മൻ പിന്നിലല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
വിലാപയാത്രയിലുടനീളം ഉമ്മൻചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും പാര്‍ട്ടിക്കരുത്താക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്ത് നിന്നൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സാധ്യത തീരെയില്ല. അതേസമയം, ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും നിർവ്വഹിക്കുമെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ പറഞ്ഞു.
'ദയവ് ചെയ്‍ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്'; 'മാളികപ്പുറം' തിരക്കഥാകൃത്തിന് പറയാനുള്ളത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam