
തിരുവനന്തപുരം: അപകീർത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെ ഭയത്തോടെ കാണുന്ന രാഷ്ട്രീയ ശക്തികൾക്ക് സന്തോഷം നൽകുന്ന വിധിയാണ് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒപ്പം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ രാജ്യവിരുദ്ധമായ യാതൊരു പരാമർശം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി സ്ഥിരം കുറ്റവാളിയാണെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ഹേമന്ദ് പ്രചക് വിധി പുറപ്പെടുവിച്ചത്. പത്തിലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും ഈ കേസിലെ വിധിക്ക് ശേഷവും രാഹുൽ കുറ്റം ആവർത്തിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. വീർ സവർക്കറിനെതിരെ നടത്തിയ പരാമർശത്തിനിൽ അദ്ദേഹത്തിന്‍റെ കൊച്ചുമകൻ രഞ്ജീത്ത് സവർക്കർ നൽകിയ പരാതി കോടതി എടുത്ത് പറഞ്ഞു. കീഴ്ക്കോടതി വിധി ഉചിതമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്.
കോടതിയെ ആരും സമ്മർദ്ദപ്പെടുത്തിയിട്ടില്ലെന്നും വിധി എല്ലാവരും മാനിക്കണമെന്നും പരാതിക്കാരനായി ബിജെപി എംഎൽഎ പൂർണേഷ് മോദി പ്രതികരിച്ചു. രഞ്ജീത്ത് സവർക്കർ നൽകിയ പരാതിയെക്കുറിച്ചുള്ള പത്രവാർത്ത നേരത്തെ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായി അദ്ദേഹത്തിന്‍റെ അഭിഭാഷകനും പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന പരിഹാസത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്. കോലാറിലെ പ്രസംഗത്തിന് സൂറത്തിലെങ്ങനെ കേസെടുക്കാനാവുമെന്ന ചോദ്യം രാഹുലിനായി ഹാജരായ മനുഅഭിഷേക് സിംഗ്വി വാദത്തിനിടെ ചോദിച്ചു. മോദി എന്നത് ഒരു പ്രത്യേക സമുദായമല്ലെന്നും വലിയൊരു സഞ്ചയത്തിനെതിരായ പരാമർശം മാനനഷ്ടക്കേസിന്‍റെ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ശിക്ഷാ വിധിക്ക് ശേഷവും രാഹുൽ പറഞ്ഞതിൽ ഉറച്ച് നിന്നെന്നും കോടതിയെ മാനിക്കുന്നില്ലെന്നുമായിരുന്നുമറുവാദം. എംപി എന്ന നിലയ്ക്ക് പറയുന്ന വാക്കുകളും പ്രവർത്തിയും രാഹുൽ ശ്രദ്ധിക്കണമെന്ന് വാദത്തിനിടെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു.