
എലത്തൂർ: എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ വിദ്യ ബാലകൃഷ്‍ണന് മിന്നും ജയം.12162 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഏ കെ ശശീന്ദ്രനെ പരാജയപ്പെടുത്തി വിദ്യ ബാലകൃഷ്‍ണൻ വിജയിച്ചത്. 2011 മുതലാണ് എലത്തൂർ മണ്ഡലം നിലവിൽ വരുന്നത്. അന്നുമുതൽ എ കെ ശശീന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ എലത്തൂർ ഉൾപ്പെടെയുള്ള ആറ് വാർഡുകളും ചേളന്നൂർ, കാക്കോട്, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് ഈ മണ്ഡലം.
2011-ലും 2016-ലും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ശശീന്ദ്രൻ എലത്തൂരിനെ ഇടത് കോട്ടയായി ഉറപ്പിക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഘടക കക്ഷികളാണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെയാണ് മത്സര രംഗത്തുണ്ടായിരുന്നത്. 2011-ലെ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ എകെ ശശീന്ദ്രനെതിരെ എസ്ജെഡിയുടെ ഷെയ്ഖ് പി ഹാരിസ് ആണ് മത്സരിച്ചത്. 14,654 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എകെ ശശീന്ദ്രൻ അന്ന് വിജയിച്ചിരുന്നത്. ആ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായ വിവി രാജന് 11,901 വോട്ടുകളാണ് ലഭിച്ചത്. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിയുവിലെ കിഷൻ ചന്ദ് ആണ് എകെ ശശീന്ദ്രനെതിരെ മത്സരിച്ചത്. 29,057 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു എകെ ശശീന്ദ്രൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആ തവണ ബിജെപി സ്ഥാനാർഥിയായ രാജൻ നായർക്ക് മണ്ഡലത്തിൽനിന്ന് 29,070 വോട്ടുകളാണ് ലഭിച്ചത്. 2021-ലെ തെരഞ്ഞെടുപ്പിൽ എകെ ശശീന്ദ്രനെതിരെ മത്സരിച്ചിരുന്നത് യുഡിഎഫിന്റെ സുൽഫിക്കർ മയൂരിയാണ്. 38,502 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എകെ ശശീന്ദ്രൻ കഴിഞ്ഞ തവണ വിജയിച്ചത്. ബിജെപി സ്ഥാനാർഥി ടിപി ജയചന്ദ്രൻ മാസ്റ്റർ 32,010 വോട്ടുകൾ നേടിയിരുന്നു. അതായത് എകെ ശശീന്ദ്രന്‍റെ ഭൂരിപക്ഷം മണ്ഡലത്തിൽ കൂടിവരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുധമായി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടന്ന മണ്ഡലമാണ് എലത്തൂർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam