
കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുക്കും. ഷൊർണൂരിൽ ട്രെയിനിറങ്ങിയ ഷാറൂഖ് 3 കിലോമീറ്റർ അപ്പുറത്തുള്ള പെട്രോൾ ബങ്കിൽ നിന്നാണ് പെട്രോൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഷാറൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലർച്ചെ നാലുമണിക്ക് ഷൊർണൂരിൽ ട്രെയിന് ഇറങ്ങിയ ഷാറൂഖ് വൈകുന്നേരം 7 മണി വരെ സമയം ചെലവഴിച്ചതിനെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുപ്പിന് സാധ്യതയുണ്ട്. ഇതിനുശേഷമാകും എലത്തൂരിലെ തെളിവെടുപ്പ് നടക്കുക.
സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം
പ്രതിയെ ഇന്നലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുത്തത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഡി1 കോച്ചിലാണ് പ്രതി ആദ്യം തീയിട്ടത്. കൃത്യം നടന്ന ഡി 2 കോച്ചിലും രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവരുടേതാണെന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യം താൻ ചെയ്തതാണെന്നും ബാഗ് തന്റേതാണെന്നുമല്ലാതെ മറ്റൊന്നും ഷാറൂഖ് പറഞ്ഞിട്ടില്ല. നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാണ് വൈകുകയായിരുന്നു. എന്നാൽ ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്.
ഷാറൂഖ് സെയ്ഫി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതെന്തിന് ? ദൂരൂഹതയെന്ന് എൻഐഎ റിപ്പോർട്ടിൽ