
മുംബൈ: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിന് പിന്നാലെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്ത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രത്നഗിരിയിൽ നിന്നാണ് ഷാറുഖിനെ പിടികൂടിയത്. ട്രെയിൻ ആക്രമണത്തിന് ശേഷം ലഭിച്ച ബാഗിൽ നിന്ന് ലഭിച്ച ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിർണായകമായ തുമ്പ് പൊലീസിന് ലഭിച്ചത്. ഷാരൂഖ് സൈഫിയുടെ ബാഗിൽ നിന്ന് കിട്ടിയ ഫോണിൽ 2 സിമ്മുകൾ ഉപയോഗിച്ചെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്ര ഏജൻസികളടക്കം ഈ വിവരത്തിന് പിന്നാലെ സസൂഷ്മം നിരീക്ഷണം തുടർന്നിരുന്നു. ഇന്ന് പുലർച്ചയോടെ രത്നഗിരിയിൽ ഇതിൽ ഒരു സിം ഓണായതാണ് പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. സിം ഓണായതിന് പിന്നാലെ തന്നെ ഐ ബി വിവരം മഹാരാഷ്ട്ര എ ടി എസിന് വിവരം കൈമാറി. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു.
ഷാറൂഖ് കുറ്റം സമ്മതിച്ചു, കേരള പൊലീസിന് കൈമാറി, കൂടുതൽ പേരിലേക്ക് അന്വേഷണം; ചിലരെ ചോദ്യം ചെയ്യുന്നു
എ ടി എസ് നിമിഷങ്ങൾക്ക് അകം രത്നഗിരി ആർ പി എഫിന് വിവരം കൈമാറി. അപകടം മണത്തറിഞ്ഞ ഷാറൂഖ് സൈഫി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ചെന്ന് ചാടിയത് ആർ പി എഫിന്‍റെ വലയിലായിരുന്നു. പൊലീസെത്തുന്നതറിഞ്ഞ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് പ്രതി പിടിയിലായത്. അങ്ങനെ ദിവസങ്ങളായി രാജ്യം മുഴുവൻ തിരയുന്ന പ്രതി അകത്താകുകയും ചെയ്തു. കൃത്യമായ കോർഡിനേഷൻ, വിവരങ്ങളുടെ കൈമാറ്റം, ഒരേ മനസ്സോടെയുള്ള പ്രവർത്തനം, ഇവയാണ് രാജ്യം കാത്തിരുന്ന പ്രതിയെ ഇത്രയും വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.
കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam