
കൊച്ചി: പീഡനകേസ് മുറുകിയതോടെ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ. എം എൽ എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളി റദ്ദാക്കി. രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരിൽ സജീവമായിരുന്ന എൽദോസ് കുന്നപ്പിള്ളിൽ പരാതി ഉയർന്നതോടെ മുങ്ങിയിരിക്കുയാണ്. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം എൽ എയെ നേരിട്ട് ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. രണ്ട് ദിവസമായി പൊതുപരിപാടികൾക്കും എം എൽ എയെ കണ്ടിട്ടില്ല. എൽദോസ് എവിടെയെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ലെന്നതാണ് മറ്റൊരു കാര്യം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരും വരെ എം എൽ എ മാറിനിൽക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.
'എൽദോസ് കുന്നപ്പിള്ളി തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും': കെ സുധാകരന്‍
അതേസമയം എൽദോസിന്‍റെ നിർദ്ദേശപ്രകാരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരിയായ അധ്യാപിക ആരോപിക്കുന്ന പെരുമ്പാവൂരിലെ വനിത കോൺഗ്രസ് നേതാവും വീട്ടിലില്ല. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ് ഈ വനിത നേതാവ്. ഇവരുടെയും ഭർത്താവിന്‍റെയും ഫോൺ സ്വിച്ച് ഓഫാണ്. പെരുമ്പാവൂർ ഇരിങ്ങോളിലെ എം എൽ എയുടെ ഓഫീസിലേക്ക് കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധ മാർച്ചുകളുണ്ട്. പക്ഷേ കോൺഗ്രസ് പ്രവർത്തകരടക്കം ആരും ഇങ്ങോട്ട് വരുന്നില്ല.
ഇതിനിടെ പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എം എൽ എയുടെ ഭാര്യ പൊലീസിൽ പരാതി നൽകി. ആരോപണം ഉന്നയിക്കുന്ന അധ്യാപിക എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകർ വഴി കൊടുത്തുവിട്ട പരാതിയിൽ പറയുന്നത്. ഈ ഫോൺ ഉപയോഗിച്ച് എം എൽ എയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. അതേസമയം പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് വിളിപ്പിച്ചിട്ടും പരാതി സംബന്ധിച്ച് മൊഴി നൽകാൻ എം എൽ എയുടെ ഭാര്യ തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam