
കോട്ടയം: വടക്കഞ്ചേരി വാഹനാപകട കേസിൽ പ്രതികളെ കോട്ടയത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ, ബസ് ഉടമ അരുൺ എന്നിവരെ കോട്ടയം നാട്ടകത്തെ ബസ് സർവീസ് കേന്ദ്രത്തിലെത്തിച്ചാണ് തെളിവെടുത്തത്. ബസിലെ വേഗപ്പൂട്ടിൽ ക്രമക്കേട് വരുത്തിയതും ലൈറ്റുകളും മറ്റും സ്ഥാപിച്ച് അലങ്കരിച്ചതും ഇവിടെ നിന്നാണെന്ന് കണ്ടെത്തി. ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തിയായിരുന്നു തെളിവെടുപ്പ്. ഈ മാസം 14 വരെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ കെ എസ് ആർ ടി ബസ് ജീവനക്കാരേയും യാത്രക്കാരേയും പൊലീസ് ചോദ്യം ചെയ്തു. അപകടസമയത്ത് ഡ്രൈവർ ജോമോൻ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനുള്ള രക്ത പരിശോധനാഫലം ഇനിയും വന്നിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ടൂറിസ്റ്റ് ബസ്സ് കെ എസ് ആർ ടി സി ബസിന് പുറകിലിടിച്ച് ഒന്‍പത് പേർ മരിച്ചത്.
പാലക്കാട് എൻഫോസ്‌മെന്റ് ആർ ടി ഒ, എം കെ ജയേഷ് കുമാർ വാഹനാപകടത്തിന്‍റെ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറിച്ചുo ചില കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് എന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ.
അതിനിടെ അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തുകൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ 2010 ലേതാണെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു. പൂനെയിൽ യാത്ര പോയപ്പോൾ എടുത്ത ദൃശ്യങ്ങളാണിത്. ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്നും ജോമോന്‍റെ മൊഴിയിലുണ്ട്. ജോമോൻ്റ മുൻകാല ഡ്രൈവിംഗ് പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam