ബലാത്സം​ഗക്കേസ്: എൽദോസ് കുന്നപ്പിള്ളില്‍ ഒളിവില്‍ തന്നെ, ജാമ്യ ഹർജി വ്യാഴാഴ്ച; കടുത്ത നടപടിക്ക് കെപിസിസി

By Web TeamFirst Published Oct 17, 2022, 5:31 AM IST
Highlights

മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎൽഎ തേടുന്നുണ്ട്

 കൊച്ചി : ബലാത്സംഗ കേസിൽ പ്രതിയായി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ എന്ന് വിവരമില്ല. വരുന്ന വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതിനാൽ അത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് വിവരം. കെപിസിസി നേതൃത്വത്തിന് നൽകേണ്ട വിശദീകരണം എംഎൽഎ സമയബന്ധിതമായി നൽകുമെന്നാണ് എംഎൽഎ യുമായി അടുപ്പമുള്ളവർ അറിയിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എംഎൽഎ തേടുന്നുണ്ട്

 

എംഎൽഎക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കെപിസിസി. ആരോപണ വിധേയനായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎ ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ കത്ത് നൽകി. ഒരു പൊതുപ്രവര്‍ത്തകൻ്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.അതിനാല്‍  പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം  കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം  നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

എൽദോസിൽ ഒതുങ്ങില്ല, സിഐക്കെതിരെയും കമ്മീഷണർക്ക് യുവതിയുടെ പരാതി; 'തട്ടിപ്പുകാരി' പ്രചാരണത്തിനെതിരെയും പരാതി
 

click me!