
ഇടുക്കി: എം എം മണി എംഎൽഎയുടെ വിവാദ ആഹ്വാനത്തിന് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ആരോപണത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കൈകാര്യം ചെയ്യാൻ വന്നാൽ അപ്പോൾ നോക്കാമെന്നാണ് എസ് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എം എം മണിയും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരാളുമല്ലാതെ മറ്റാരും താൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതായി പറയില്ല. ചിലരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമാണിതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
പാർട്ടിയോട് നന്ദികേട് കാണിച്ച എസ് രാജേന്ദ്രനെ വെറുതേ വിടരുതെന്നായിരുന്നു മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം എം മണിയുടെ ആഹ്വാനം. മൂന്നാറില്‍ നടന്ന എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ്റെ 54 ആം വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം. പാർട്ടി സ്ഥാനാർത്ഥിയായ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ച രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി പറഞ്ഞു. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും എം എം മണി പറഞ്ഞു.
Also Read: നിധി നൽകാമെന്ന പേരിൽ പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ
പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ട് പ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നുമാണ് എം എം മണി തൊഴിലാളികളോട് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam