കെ സുരേന്ദ്രനെതിരായ കോഴക്കേസ് അന്വേഷിക്കുക ജില്ലാ ക്രൈംബ്രാഞ്ച്, റിപ്പോർട്ട് തേടി മീണ

By Web TeamFirst Published Jun 8, 2021, 1:44 PM IST
Highlights

ബദിയടുക്ക പൊലീസ് ഇന്നലെയാണ് കേസ് റജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന 171 ബി വകുപ്പനുസരിച്ചാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ, സംഭവത്തിൽ റിപ്പോർട്ട് തേടി. 

കാസർകോട്/ തിരുവനന്തപുരം: മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസ് ഇന്നലെയാണ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തത്. കോടതി അനുമതിയോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന 171 ബി വകുപ്പനുസരിച്ച് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ, സംഭവത്തിൽ റിപ്പോർട്ട് തേടി. 

കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതി ചേർക്കാനും കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്താനുമാണ് പൊലീസ് നീക്കം. തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തൽ, പട്ടിക വിഭാഗ പീഡന വകുപ്പുകളും കേസിൽ ചുമത്തിയേക്കും. കേസിൽ സുനിൽ നായ്ക്ക് അടക്കമുള്ളവരെയും പ്രതി ചേർത്തേക്കും. 

നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ വീട്ടിലെത്തി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന് ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന, പിന്നീട്, ബിജെപിയിൽ ചേർന്ന കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യെപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശൻ കാസർകോട് കോടതിയിൽ അപേക്ഷ നൽകിയത്. ഇത് അംഗീകരിച്ച കോടതി കേസ് റജിസ്റ്റർ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. 

നിലവിൽ എഫ്ഐആറിൽ കെ സുരേന്ദ്രനെതിരെ മാത്രമാണ് കേസ്. ഇപ്പോൾ ചുമത്തിയ ഐപിസി 171 ബി വകുപ്പ് പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി വേണം. എന്നാൽ പത്രിക പിൻവലിക്കാനാവശ്യപ്പെട്ട് ബിജെപി നേതാക്കൾ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും കൂടി സുന്ദര ബദിയടുക്ക പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതുൾപ്പെടുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൂടി എഫ്ഐആറിനൊപ്പം ചേർക്കുമ്പോൾ കേസിൽ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 

സുന്ദരയുടെ മൊഴിയനുസരിച്ച് പണം നൽകാൻ വീട്ടിലെത്തിയ ബിജെപി സംഘത്തിലുണ്ടായിരുന്ന സുനിൽ നായ്ക്, സുരേഷ് നായ്ക്,അശോക് ഷെട്ടി എന്നിവരെയും പ്രതി ചേർക്കാനാണ് പൊലീസ് നീക്കം. കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക്കുൾപ്പെടെ പ്രതിചേർക്കപ്പെടുന്ന സാധ്യത മുന്നിൽ നിൽക്കെ ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് മഞ്ചേശ്വരത്തെ കൈക്കൂലി കേസ്. 

റിപ്പോർട്ട് തേടി മീണ

തെരഞ്ഞെടുപ്പ് കൈക്കൂലി സംബന്ധിച്ച പരാതിയില്‍ സംസ്ഥാന പോലീസ് മേധാവിയില്‍  നിന്നും, ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി തീരുമാനിക്കും. കോടതിയിലെ കേസില്‍ കമ്മീഷന്‍റെ അഭിപ്രായമായി സത്യവാങ്മൂലം സമര്‍പ്പിക്കും. കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത കേസുകളില്‍ ആരോപണ വിധേയനുള്‍പ്പെടെ നോട്ടീസ് നല്‍കി വിശദീകരണം തേടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും.

തെരഞ്ഞെടുപ്പ് കൈക്കൂലി തെളിഞ്ഞാല്‍ ആറ് വർഷം വരെ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താമെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!