
തിരുവനന്തപുരം: പൊലീസ് മേധാവി അടക്കം മൂന്ന് വർഷം ഒരേ തസ്തികയിൽ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റണമെന്ന് സർക്കാറിനെ ഓർമ്മിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. പുതിയ പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങണമെന്ന് ആഭ്യന്തര സെക്രട്ടറിയും ആവശ്യപ്പെട്ടു. അതേസമയം വിരമിക്കാൻ ആറുമാസം മാത്രം ബാക്കി നിൽക്കെ ലോക്നാഥ് നാഥ് ലോക്നാഥ് ബെഹ്റയെ നിലനിർത്താൻ സർക്കാർ തലത്തിൽ ആലോചനയുണ്ട്.
തെരഞ്ഞെടുപ്പ് ജോലികളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൊലീസ് -റവന്യു വകുപ്പുകളിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം. ഇക്കാര്യം കഴിഞ്ഞ ദിവസം ടിക്കാറാം മീണ ചീഫ് സെക്രട്ടരിയെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കമ്മീഷൻ ഔദ്യോഗികമായി തന്നെ നിലപാട് അറിയിക്കും. ചട്ടത്തിൽ കുരുങ്ങുന്നത് ബെഹ്റയുടെ സ്ഥാനമാണ്. ഈ വർഷം ജൂണിൽ പൊലീസ് മേധാവി കസേരിയിൽ ബെഹ്റ മൂന്ന് വർഷം പൂർത്തിയാക്കിക്കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് വരും മുമ്പെ പൊലീസ് തലപ്പെത്ത മാറ്റങ്ങളുടെ നടപടി തുുടങ്ങണമെന്ന് ആഭ്യന്തരസെക്രട്ടറിയും സർക്കാറിനെ അറിയിച്ചുകഴിഞ്ഞു. ബെഹ്റയെ മാറ്റിയാൽ പൊലീസ് മേധാവിയാകേണ്ടവരുടെ പട്ടിക കേന്ദ്ര സർക്കാറിന് നേരത്തെ കൈമാറണം. യുപിഎസ്‍സി പട്ടികയിൽ നിന്നും മൂന്ന് പേരെ തെരഞ്ഞെടുത്ത് സംസ്ഥാന സർക്കാറിന് കൈമാറണം. ഇതിൽ നിന്നാണ് സംസ്ഥാന സർക്കാർ ഒരാളെ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം നടപടിക്രമങ്ങൾക്കുള്ള കാലതാമസമാണ് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.
ബെഹ്റ മാറുകയാണെങ്കിൽ സാധ്യതാ പട്ടികയിൽ വരാനുള്ളത് ഋഷിരാജ് സിംഗ്, ടോമിൻ ജെ തച്ചങ്കരി, സുദേഷ് കുമാർ, ബി സന്ധ്യ എന്നിവരാണ്. അടുത്ത ജൂൺ 30നാണ് ബെഹ്റ വിരമിക്കുന്നത്. വിരമിക്കാൻ 7 മാസം ബാാക്കിനിൽക്കെ ബെഹ്റ നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരട്ടെ എന്ന ചിന്ത സർക്കാർ തലപ്പത്തുണ്ട്. ബെഹ്റയെ നിലനിർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ നിയമിച്ച കമ്മീഷൻ ചട്ടങ്ങളെ മറികടക്കാനും ആലോചനയുണ്ട്. പക്ഷെ ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam