കേരളത്തിൽ വ്യാപക റെയ്‌ഡ്: സ്വർണം, പണം, മദ്യമടക്കം 33 കോടിയുടെ വസ്തുക്കൾ പിടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Apr 04, 2024, 06:06 PM ISTUpdated : Apr 04, 2024, 06:34 PM IST
കേരളത്തിൽ വ്യാപക റെയ്‌ഡ്: സ്വർണം, പണം, മദ്യമടക്കം 33 കോടിയുടെ വസ്തുക്കൾ പിടിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Synopsis

മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യ വിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യ വിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 

സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്‌സൈസ് വകുപ്പ്, എസ്.ജി.എസ്.ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, മറ്റ് ഏജന്‍സികള്‍ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കള്‍ പിടിച്ചെടുത്തത്. 

രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി (6,67,43,960) രൂപ, ഒരു കോടി രൂപ (1,0003677) മൂല്യമുള്ള 28,867  ലിറ്റര്‍ മദ്യം, 6.13 കോടി (61,38,6395) രൂപ മൂല്യമുള്ള 2,33,723 ഗ്രാം മയക്കുമരുന്നുകള്‍, 14.91 കോടി(14,9171959) രൂപ മൂല്യമുള്ള അമൂല്യ ലോഹങ്ങള്‍, 4.58 കോടി(4,58,90,953) രൂപ മൂല്യമുളള സൗജന്യവസ്തുക്കള്‍ എന്നിവയാണ് വിവിധ ഏജന്‍സികള്‍ പരിശോധനകളില്‍ പിടിച്ചെടുത്തത്. റവന്യു ഇന്റലിജന്‍സ് വിഭാഗം 9.14 കോടി(9,14,96,977) രൂപയുടെ വസ്തുക്കളും പൊലീസ് 8.89 കോടി (8,89,18,072)രൂപ മൂല്യമുള്ള വസ്തുക്കളും എക്‌സൈസ് വകുപ്പ് 7.11 കോടിയുടെ (7,11,23,064) വസ്തുക്കളുമാണ് ഇതുവരെ പിടിച്ചെടുത്തത്. 

മാര്‍ച്ച് 23 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി ആര്‍ ഐയും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ 3.41 കോടി രൂപ വിലയുള്ള 5.26 കി. ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 2.85 കോടി രൂപ വിപണി വിലയുള്ള 4.4 കി. ഗ്രാം സ്വര്‍ണം ദുബായില്‍ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അതേവിമാനത്തില്‍ തന്നെയെത്തിയ യാത്രക്കാരനില്‍ നിന്നാണ് ബാക്കി 55.77 ലക്ഷം രൂപ മൂല്യമുള്ള 1019 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ക്കും ഫ്‌ളയിങ് സ്‌ക്വാഡുകള്‍ക്കുമൊപ്പം ഓരോ ജില്ലക്കും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ അന്തര്‍ സംസ്ഥാന അതിര്‍ത്തി പാതകളിലും സിസിടിവി സ്ഥാപിക്കുകയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്.

ചിത്രം: പ്രതീകാത്മകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ