
തിരുവല്ല : വയനാട്ടിൽ രാഹുലിന്റെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പതാക വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വയനാട്ടിൽ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോൺഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ അത് കെട്ടാൻ ആകു.
രാജ്യത്തിന്റെ പലയിടത്തും രാഹുൽഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ സിപിഎമ്മിനാകു. രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ ഇടതുമുന്നണി മാന്യത കാണിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ കൊടിയുടെ വർത്തമാനം പറഞ്ഞ് രാഹുൽ ഗാന്ധിയെ തഴയുകയല്ല വേണ്ടത്. കൊടി കൂട്ടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ പതാകകൾ ഇല്ലായിരുന്നു. കഴിഞ്ഞ തവണ ലീഗിന്റെ കൂറ്റൻ പതാകകൾ റാലിയിൽ കണ്ടത് പാക്കിസ്ഥാൻ പതാകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജെപി ദേശീയ തല തലത്തിൽ നടത്തിയ പ്രചാരണമാണ് പതാകകൾ തന്നെ വേണ്ടെന്ന് വെക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
ലീഗിന്റേതെന്നല്ല ഒരു പതാകയും ഇല്ലാതെയായിരുന്നു വയനാട്ടിലെ രാഹുലിന്റെ റോഡ് ഷോ. പകരം പ്ലക്കാടുകളും തൊപ്പികളും ബലൂണുകളുമാണുണ്ടായിരുന്നത്. പച്ച പതാക വീശി ആവേശം കൊള്ളാറുള്ള ലീഗുകാർക്ക് നിരാശയുണ്ടെങ്കിലും അവരത് പുറത്ത് കാണിച്ചിരുന്നില്ല. എന്നാൽ സിപിഎം ഇത് ആയുധമാക്കി. സംഘപരിവാറിനെ പേടിച്ച് ലീഗ് പതാക ഒളിപ്പിച്ചെന്ന് പിണറായി വിജയൻ പരസ്യമായി പരിഹസിച്ചതോടെ വിഷയം വിവാദമായി. ഇതോടെയാണ് വിഷയത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam