
തിരുവനന്തപുരം: വൈസ് ചാൻസിലറുടെ വിയോജിപ്പ് മറികടന്ന് കേരള സര്‍വകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസിന്‍റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി വിലക്കിയത്. സര്‍വകലാശാല രജിസ്ട്രാറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ജോൺ ബ്രിട്ടാസിനെ ക്ഷണിച്ചതും ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചതും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി നൽകിയ പരാതി പരിഗണിച്ച വി സി പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തു. രജിസ്ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി. പക്ഷേ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം.
രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്‍റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്. സർവകലാശാല വിസിയും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും യൂണിയനും തമ്മിൽ ഏറെനാളായി പോരിലാണ്. അതിനിടെയാണ് പുതിയ വിവാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam