എൻഎസ്എസിനെതിരായ പരാതി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

Published : Oct 21, 2019, 08:52 PM IST
എൻഎസ്എസിനെതിരായ പരാതി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് സംസ്ഥാന പൊലീസ് മേധാവിയോടും തിരുവനന്തപുരം ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടിയിരിക്കുന്നത്.

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിക്കെതിരെ എൽഡിഎഫും സമസ്ത നായർ സമാജവും നൽകിയ പരാതികളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവിയോടും തിരുവനന്തപുരം ജില്ലാ കളക്ടറോടുമാണ് ടിക്കാറാം മീണ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 

വട്ടിയൂർക്കാവിൽ സമുദായം പറഞ്ഞ് വോട്ട് ചോദിച്ചെന്നാരോപിച്ചാണ് എൻഎസ്എസ് നേതൃത്വത്തിനെതിരെ സിപിഎമ്മും സമസ്ത നായർ സമാജവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും കോടിയേരി ബാലകൃഷ്ണന്‍ നടത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എൻഎസ്എസിന്‍റെ ശ്രമമെന്നും കോടിയേരി വിമര്‍ശിച്ചു. ഇത് സമുദായ അംഗങ്ങൾ തന്നെ തള്ളുമെന്നാണ് കോടിയേരി പറഞ്ഞത്.

വട്ടിയൂർക്കാവിൽ യുഡിഎഫിന് വേണ്ടി എൻഎസ്എസ് പരസ്യമായി രംഗത്തിറങ്ങിയതിൽ ഇടത് മുന്നണിക്ക് കടുത്ത എതിർപ്പുണ്ട്. പിന്നാലെയാണ് സമുദായ നേതൃത്വത്തോട് നിരന്തരം ഏറ്റുമുട്ടുന്ന കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും ഒടുവില്‍ പരാതി നല്‍കിയിരിക്കുന്നതും. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമുദായ സംഘടനകൾക്ക് പലതും പറയാം പക്ഷേ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നായിരുന്നു കാനം പറഞ്ഞത്. സമുദായത്തിന്‍റെ പേരിലുള്ള വോട്ട് ചോദ്യത്തിൽ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി