
കോട്ടയം: പാലായിലെ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അത്‍ലറ്റിക് ഫെഡറേഷനെ ന്യായീകരിച്ച് അത്‍ലറ്റ് കോച്ച് ടിപി ഓസേപ്പ്. ഫെഡറേഷന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും ആരും മനഃപൂർവ്വം ഒന്നും ചെയ്തിട്ടില്ലെന്ന് ടിപി ഓസേപ്പ് പറഞ്ഞു.
കുട്ടിയുടെ മരണത്തിൽ അതീവ ദുഖമുണ്ട്. ഇത് മറ്റുള്ളവരുട വീഴ്ച മൂലമുണ്ടായതാണെന്ന് പറയാൻ കഴിയില്ല. നിർഭാഗ്യകരമായ സംഭവമാണെന്ന് മാത്രമേ പറയൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഒക്ടോബർ നാലിന് പാലായിൽ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റില്‍ വച്ചാണ് പാല സെന്‍റ് തോമസ് ഹയർസെക്കൻറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന അഫീൽ ജോൺസന് തലയിൽ ഹാമർ വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പതിനേഴ് ദിവസത്തോളം ചികിത്സയിലായിരുന്ന അഫീൽ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
Read More:കണ്ണീരായി അഫീൽ; ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ കുട്ടി മരിച്ചു
അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീൽ ജോൺസൺ. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീഴുകയായിരുന്നു.
സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അഫീലിന്റെ ചികിത്സ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നൽകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നതാി ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.
Read More:അഫീലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; രക്തസമ്മർദ്ദം സാധാരണ നിലയിലായി
സംഭവത്തിൽ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം അന്വേഷിക്കുന്നതിനായി സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിക്കുയും ചെയ്തിരുന്നു. സംഘാടകര്‍ ഒരേ സമയം നിരവധി മത്സരങ്ങള്‍ നടത്തിയെന്നും മൂന്ന് ദിവസം കൊണ്ട് മുഴുവന്‍ മത്സരങ്ങളും തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു.
Read more:ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; അന്വേഷണ സമിതിയെ നിയോഗിച്ച് കായികവകുപ്പ്
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam