ഓപ്പറേഷൻ സർക്കാർ ചോരി; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നല്‍കും

Published : Nov 06, 2025, 05:40 AM IST
Rahul Gandhi

Synopsis

വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയേക്കും

ദില്ലി: വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയേക്കും. ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് വിശദമായ മറുപടി നൽകുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും, വ്യാജ വോട്ടർമാരുണ്ടെങ്കിൽ അത് കേവലം ഒരു പാർട്ടിക്ക് മാത്രമല്ല ​ഗുണമാവുക എന്നും ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അതേസമയം വോട്ട് കൊള്ള ആരോപണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺ​ഗ്രസ് നീക്കം. ഹരിയാനയിൽ ഇന്ന് പ്രതിഷേധ പരിപാടികൾ തുടങ്ങുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു.

ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഇന്നലെ നടതിതയ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തുവെന്നും സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം അവതരിപ്പിച്ചത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണെന്നും എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയതെന്നും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു, 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ ഉണ്ടായിരുന്നു. 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ട് 22000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം