
പാലക്കാട്: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോർമെറ്ററിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. മൂന്നര ലക്ഷം രൂപ കുടിശ്ശിക ഉണ്ടായിരുന്നതിനാൽ രണ്ട് മാസം മുമ്പാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതിയില്ലാതെ ഇരുട്ടിലായിരുന്നു 26 ജീവനക്കാർ താമസിച്ചിരുന്നത്. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രത്യേക നിർദേശ പ്രകാരം ഒരു മണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഭൂരിഭാഗം ജീവനക്കാരും മറ്റ് പ്രദേശങ്ങളിൽ നിന്നും ജോലിക്ക് എത്തിയവരാണ്. ഇവർ താമസിക്കുന്ന ഡോർമെറ്ററിയിലെ വൈദ്യുതി ബന്ധമാണ് രണ്ട് മാസം മുമ്പ് വിച്ഛേദിച്ചത്. രണ്ട് മാസത്തോളമായി വൈദ്യുതിയില്ലാതെ ഇരുട്ടിലായിരുന്നു ജീവനക്കാർ താമസിച്ചിരുന്നത്. ആദിവാസികളുടെ ചികിത്സക്കായി സർക്കാർ പ്രത്യേകമായി നിർമ്മിച്ച ആശുപത്രിയിലെ ജീവനക്കാരാണ് ദുരിതം അനുഭവിക്കുന്നത്. മൂന്നര ലക്ഷം രൂപയുടെ കുടിശ്ശിക അടക്കാത്തതിനാലാണ് കെഎസ്ഇബി ഡോർമെറ്ററിയിലെ ഫ്യൂസ് ഊരിയത്.
കോട്ടത്തറ ആശുപത്രിയിൽ വെള്ളക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി
വെള്ളക്ഷാമത്തെ തുടർന്ന് അട്ടപ്പാടിയിൽ കോട്ടത്തറ ട്രൈബൽ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ മാറ്റിവച്ചുവെന്ന് റിപ്പോർട്ട് തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.
ശിരുവാണിപ്പുഴയില്‍ നിന്നാണ് കോട്ടത്തറ ആശുപത്രിയില്‍ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പുഴയിലെ വെള്ളത്തിൽ ചെളി കലര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം മുതല്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞത്. മോട്ടോര്‍ അടിയന്തിരമായി നന്നാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ (89.6% സ്‌കോര്‍) ഈ വര്‍ഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Also Read: ആശുപത്രിയിൽ വെള്ളമില്ല, ശസ്ത്രക്രിയകൾ മുടങ്ങി
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയെന്ന റിപ്പോർട്ടുകളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ശസ്ത്രകിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്‍ചാർജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോയി. ആശുപത്രിയിൽ വെള്ളം എത്താതായിട്ട് രണ്ട് ദിവസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam