kerala rains| ഇടുക്കി-ഇടമലയാർ ഡാമുകൾ തുറക്കൽ; പെരിയാറിൽ ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രി

By Web TeamFirst Published Oct 19, 2021, 5:44 PM IST
Highlights

ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നതോടെ പെരിയാറിന്‍റെ പരിസരത്ത് കനത്ത ജാഗ്രതയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.

കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും പെരിയാറിൽ (periyar) ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ( krishnankutty. നിലവിലെ 1.017 മീറ്റർ മാത്രമാണ് പെരിയാറിൽ ജലനിരപ്പ്. പ്രളയ മുന്നറിയിപ്പിന് ജലനിരപ്പ് 2.5 മീറ്റർ എത്തണം. അപകട നില എത്തണമെങ്കിൽ 3.5 മീറ്റർ എത്തണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അപകട നിലയിലെത്തില്ല. പ്രകൃതി ക്ഷോഭം മൂലം കെഎസ്ഇബിക്ക് 18 കോടി രൂപയുടെ നഷ്ടം ഉണ്ടായി. വെള്ളം തുറന്ന് വിട്ടത് മൂലം മാത്രം 10 കോടി രൂപ നഷ്ടമുണ്ടായി എന്നും മന്ത്രി അറിയിച്ചു.

ഇടുക്കി ഡാം തുറക്കുന്നതിന് മുൻപ് മുൻകരുതലായിട്ടാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിന്‍റെ രണ്ട് ഷട്ടറുകൾ 80 സെന്‍റീ മീറ്റർ ആണ് ഉയർത്തിയത്. രാവിലെ ആറ് മണിയോടെയാണ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. ഇടമലയാർ ഡാം തുറന്നത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. 44 സെന്‍റീ മീറ്റർ മാത്രമാണ് വെള്ളം ഉയർന്നത്. പിന്നാലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു.

മണിക്കൂറുകൾ നീണ്ട മുന്നൊരുക്കങ്ങൾക്ക് ഒടുവിൽ രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്‍റെ ആദ്യ ഷട്ടര്‍ തുറന്നത്. പന്ത്രണ്ട് മണിയോടെ നാലാം നമ്പർ ഷട്ടറും തുറന്നു. ഇതോടെ നീരൊഴുക്ക് സെക്കൻറിൽ 70,000 ലീറ്ററായി. അരമണിക്കൂർ കഴിഞ്ഞ് പന്ത്രണ്ടരയോടെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ സെക്കന്‍റിൽ ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേക്ക്. 2403 അടിയാണ് ഡാമിന്‍റെ സംഭരണ ശേഷിയെങ്കിലും 2018 ലെ പ്രളയാനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് 2398 ലെത്തിയപ്പോൾ തന്നെ ഷട്ടറുകൾ തുറന്നത്

ഇടുക്കി ഡാം കൂടി തുറന്നതോടെ പെരിയാറിന്‍റെ പരിസരത്ത് കനത്ത ജാഗ്രതയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആലുവയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നാളെ എറണാകുളം ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു.

 

 

click me!