വൈദ്യുതി മന്ത്രിയുടെ പുത്തൻ നിർദേശം, വൈദ്യുതി തടസം ജനങ്ങളെ അറിയിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ്; ഫോൺ കോളുകളോട് പ്രതികരിക്കണമെന്നും നിർദേശം

Published : Jul 14, 2026, 12:49 PM IST
sunny joseph

Synopsis

തൃശൂരിൽ ചേർന്ന യോഗത്തിൽ, വൈദ്യുതി തടസം അറിയിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാനും ഉപഭോക്താക്കളോട് സൗഹാർദ്ദപരമായി പെരുമാറാനും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ട്രാൻസ്ഫോർമർ ക്ഷാമം പരിഹരിക്കുമെന്നും മലക്കപ്പാറയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും യോഗത്തിൽ ഉറപ്പുനൽകി.

തൃശൂർ: വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാർദ്ദപരമായി പെരുമാറാൻ ജീവനക്കാർ ശ്രദ്ധിക്കണം. ഫോൺ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കെഎസ്ഇബി ജാഗ്രത പുലർത്തണം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായി നിരന്തര വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിച്ചുചേർക്കാൻ എംഎൽഎമാർ മുൻകൈ എടുക്കണം. എംഎൽഎ ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികൾ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ പാനലുകൾ സ്ഥാപിക്കാൻ പൊതുജനങ്ങൾ തയ്യാറാകുന്നുണ്ടെങ്കിലും, ട്രാൻസ്ഫോർമറുകളുടെ കുറവ് മൂലം കെഎസ്ഇബിയിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന പരാതി യോഗത്തിൽ എംഎൽഎമാർ ഉന്നയിച്ചു. ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങിയിട്ടുണ്ടെന്നും ഇവ ആറുമാസത്തിനകം സ്ഥാപിക്കുമെന്നും കെഎസ്ഇബി. അറിയിച്ചു. ഇതോടെ സോളാർ പാനലുകൾ കണക്ട് ചെയ്യാനുള്ള ശേഷി വർദ്ധിക്കുമെന്നും അവർ മറുപടി നൽകി.

മലക്കപ്പാറയിലെ രൂക്ഷമായ വൈദ്യുതി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. നിലവിൽ പരിയാരത്ത് നിന്ന് വനത്തിലൂടെ 60 കിലോമീറ്റർ ലൈൻ വലിച്ചാണ് മലക്കപ്പാറയിൽ വൈദ്യുതി എത്തിക്കുന്നത്. അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ സബ് റീജ്യണൽ ഓഫീസ് വന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കൂടാതെ, പെരിങ്ങൽക്കൂത്തിലും ഷോളയാറിലും ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോ എന്നതിന്‍റെ സാധ്യത പരിശോധിക്കാൻ വനംവകുപ്പുമായി ചർച്ച നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

ദേശീയപാതാ അതോറിറ്റി, പിഡബ്ല്യുഡി ഉൾപ്പെടെയുള്ള മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപനം ആവശ്യമുള്ള പ്രവൃത്തികളിലെ തടസങ്ങൾ നീക്കാൻ ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കെഎസ്ഇബിയുടെ നിലവിലുള്ള വിവിധ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എംഎൽഎമാരും യോഗത്തിൽ ആവശ്യപ്പെട്ടു. എംഎൽഎമാരായ രാജൻ ജെ. പല്ലൻ, സനീഷ് കുമാർ ജോസഫ്, കെ. രാജൻ, സി. രവീന്ദ്രനാഥ്, എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ രാമചന്ദ്രൻ, യു.ആർ. പ്രദീപ്, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെഎസ്ഇബി ഡയറക്ടര്‍ എം പി രാജന്‍, ചീഫ് എഞ്ചിനിയർമാരായ കെ. ദിനേഷ്, ഷാജി സുധാകരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് തിരിച്ചടി, ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
കർണാടകയിലേക്ക് കടന്നപ്പോൾ വാഹനത്തിൽ മൂന്ന് പേർ, തിരിച്ച് വിഷ്ണു മാത്രം; മൂവരും എവിടെ? വാണിയംകുളം മിസിങ് കേസിൽ അന്വേഷണം ഊർജിതം