
മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ പതിമൂന്നുകാരൻ ജുനൈദ് ഷോക്കേറ്റ് മരിച്ചതിൽ കെ എസ് ഇ ബിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടു. വീടിന് സമീപത്തെ വയലിലാണ് ജുനൈദിന്‍റെ ജീവനെടുത്ത അപകടമുണ്ടായത്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെയും നാട്ടുകാരുടെയും ആരോപണം. വീടിന് സമീപത്തെ വയലിന്റെ ഭാഗത്തുള്ള വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ട ഉടൻ തന്നെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യത സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. സ്ഥലത്ത് എത്തിയ നാട്ടുകാരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. സംഭവമറിഞ്ഞ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അനുശോചനം അറിയിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു വസ്തുതാ റിപ്പോർട്ട് നൽകുന്നതിനായി തിരൂരങ്ങാടി ഡെപ്യൂട്ടി സി ഇ യോട് മന്ത്രി ആവശ്യപ്പെട്ടു.
ഒരു വർഷത്തിലധികമായി ഓഫ് ആയി കിടക്കുന്നതും മെയിന്റ്റയിൻ ചെയ്യാത്തതും ആയ ലൈനുകൾ അഴിച്ചുമാറ്റാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണ്. ഈ സംഭവത്തിൽ ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ നേരത്തെ ഏതെങ്കിലും പരാതി നൽകിയിട്ടുണ്ടോ എന്നും പരാതി കൃത്യ സമയത്ത് പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. തിരൂരങ്ങാടിയിലെ ദാരുണമായി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ബോർഡിന്റെ ഭാഗത്തുനിന്നും നൽകുവാനും മന്ത്രി നിർദ്ദേശം നൽകി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam