
പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് എൽ ഡി എഫ് ബഹിഷ്കരിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങാണ് എൽ ഡി എഫ് ബഹിഷ്കരിച്ചത്. പാലം ഇടതുപക്ഷം കൊണ്ടുവന്നതാണെന്നും ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ച നടപടി പരിഹാസ്യം ആണെന്നും ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് മണ്ഡലം കമ്മിറ്റി, ഉദ്ഘാടനം ബഹിഷ്കരിച്ചത്. പാലം യു ഡി എഫ് സർക്കാരിൻ്റെ കാലത്താണ് നിർമിച്ചതെന്ന് കള്ളപ്രചാരണം നടത്തി ഉദ്ഘാടനം നടത്തുന്ന അബിൻ വർക്കി എം എൽ എയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എൽ ഡി എഫ് ആറന്മുള മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ച യു ഡി എഫ്, ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമം പരിഹാസ്യമാണെന്നും എൽ ഡി എഫ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
പാലത്തിന്റെ നിർമാണം തടസപെടുത്താനാണ് യു ഡി എഫും അവരുടെ പഞ്ചായത്ത് ഭരണ സമിതിയും ശ്രമിച്ചിരുന്നത്. വണ്ടിപ്പേട്ടയുമായി ബന്ധപ്പെട്ട കേസുകളിൽ പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടുകൾ പാലത്തിന്റെ നിർമാണത്തെ തടസപ്പെടുത്തുന്നതായിരുന്നു. മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ശ്രമഫലമായി എൽ ഡി എഫ് സർക്കാർ കിഫ്ബിയിലൂടെ അനുവദിച്ച് നിർമിച്ചതാണ് കോഴഞ്ചേരി പുതിയ പാലം. 2016 ഒക്ടോബർ മാസം 31 നാണ് പുതിയ പാലത്തിന് ഭരണാനുമതി ലഭിച്ചത്. പണം അനുവദിച്ചത് കിഫ്ബിയിൽ നിന്നാണ്. ഉദ്ഘാടനച്ചടങ്ങിന്റെ പേരിൽ പാലം സാധ്യമാക്കാൻ അക്ഷീണം പരിശ്രമിച്ച വീണാ ജോർജിനെയും മുൻ എൽ ഡി എഫ് സർക്കാരിനെയും അപമാനിക്കാനും അധിക്ഷേപിക്കാനുമാണ് എം എൽ എ അബിൻ വർക്കി ശ്രമിച്ചത്. സാധാരണ ഒരു പാലത്തിന്റെ നിർമാണസമയത്തെ പോലെയായിരുന്നില്ല കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമാണ ഘട്ടത്തിലെ പ്രതിസന്ധികൾ. അനേകം വർഷങ്ങൾ നീണ്ട കേസുകൾ, മഹാപ്രളയം, കോവിഡ് തുടങ്ങി പ്രതിസന്ധികളെ തരണം ചെയ്താണ് നിർമാണം സാധ്യമാക്കിയത്. യു ഡി എഫ് കാലത്ത് പാലത്തിനായി പഞ്ചായത്ത് പ്രതിനിധികളും പൊതുപ്രവർത്തകരും ഒരു ശുപാർശക്കത്തിന് ചെന്നപ്പോൾ അന്നത്തെ യു ഡി എഫ് എം എൽ എ അവരെ ആട്ടിയിറക്കി വിട്ട സംഭവം ചരിത്രമാണ്. പൂർണമായി എൽ ഡി എഫ് സർക്കാരിന്റെ പദ്ധതി യു ഡി എഫ് വ്യാജ പ്രചാരണത്തിലൂടെ അവരുടേതാക്കാൻ നടത്തുന്ന നീക്കം അപലപനീയമാണെന്ന് എൽ ഡി എഫ് ആറന്മുള നിയോജകമണ്ഡലം കൺവീനർ എം വി സഞ്ജു പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam