
കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവിയിൽ നിയമനം. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.
ഇടതുസർക്കാരിന്റെ കാലത്ത് മന്ത്രിമാർ ബന്ധുക്കളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ കടുത്ത വിമർശനമാണ് യുഡിഎഫ് നേതാക്കൾ ഉയർത്തിയിരുന്നത്. പികെ ശ്രീമതിയും ഇ പി ജയരാജനും കെ ടി ജലീലും നടത്തിയ ബന്ധുനിയമനത്തിന് സമാനമാണ് വൈദ്യുതി മന്ത്രിയുടെ സഹോദരി ഭർത്താവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നാണ് വിമർശനം. കെപിസിസി പ്രസിഡന്റ് ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടേ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.
പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നൂറു കണക്കിന് നേതാക്കൾ ഇതുപോലെ ഉണ്ടായിട്ടും ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സ്വജന പക്ഷപാതമാണെന്ന വിമർശനമാണ് മറുഭാഗം ഉയർത്തുന്നത്. സണ്ണി ജോസഫിനെ പോലെ മുതിർന്ന നേതാവ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രതയും ഔചിത്യവും കാട്ടണമായിരുന്നുവെന്ന വാദവുമുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഒരു നയവും ഭരണത്തിൽ കയറിയപ്പോൾ മറ്റൊന്നും എങ്ങനെ ശരിയാകുമെന്ന ചോദ്യമാണ് പാർട്ടിക്കുള്ളിലും ഉയരുന്നത്. രാഷ്ട്രീയ പാരമ്പര്യം ഉണ്ടായിട്ടും പിഎ മുഹമ്മദ് റിയാസിന്റെയും ആർ ബിന്ദുവിന്റെ മന്ത്രിസ്ഥാനവും പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമെല്ലാം പരിഹസിച്ച കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും തിരിച്ചടിയാണ് മന്ത്രി സണ്ണി ജോസഫിന്റെ ബന്ധു നിയമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam