
ഇടുക്കി: ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ കെഎസ്ഇബി ഹൈഡൽ ടൂറിസം വകുപ്പ് നടത്തി വന്നിരുന്ന ബോട്ടിങ് നിരോധിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പുനരാരംഭിച്ചില്ല. അരിക്കൊമ്പൻ്റെ ശല്യത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ബോട്ടിംഗ് നിർത്തി വച്ചത്. ബോട്ടിംഗില്ലാത്തതിനാൽ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവുണ്ടായി.
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ വിഹരിച്ചിരുന്ന അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടുന്നതുമായി ബന്ധപ്പെട്ട പഠനനത്തിനായി ഹൈക്കോടതി വിദഗ്ദധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശ പ്രകാരം 2023 ജൂലൈ 14നാണ് ഹൈക്കോടതി ആനയിറങ്കലിലെ ബോട്ടിങ് നിരോധിച്ചത്. മനുഷ്യ- വന്യജീവി സംഘർഷമൊഴിവാക്കാൻ ബോട്ടിങ് നിർത്തി വയ്ക്കണമെന്നായിരുന്നു വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വിദഗ്ഗ സമിതിയുടെ കണ്ടെത്തൽ. 2023 ഏപ്രിൽ 29 ന് അരിക്കൊമ്പനെ മയക്കു വെടി വച്ച് പിടികൂടി നാട് കടത്തിയെങ്കിലും ബോട്ടിങ് പുനരാരംഭിക്കാൻ നടപടിയുണ്ടായില്ല. ബോട്ടിംഗിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈഡൽ ടൂറിസം വിഭാഗം കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിക്കുന്നത് വൈകുകയാണ്. കേസ് വേഗത്തിൽ തീർപ്പാക്കമെന്നാവശ്യപ്പെട്ട് ഹൈഡൽ ടൂറിസം വിഭാഗം ഹൈക്കോടതി രജിസ്ട്രാർക്ക് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്. ബോട്ടിംഗില്ലാത്തതിനാൽ ആനയിറങ്കലിലെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.
ഏഴു ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്. കരക്കടുപ്പിച്ചിട്ടിരിക്കുന്ന ഈ ബോട്ടുകൾ നശിച്ചതിലൂടെ ഒരു കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. സീസണിൽ ദിനംപ്രതി ഒരു ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നു. ഇതില്ലാതായതോടെ കോടികളുടെ നഷ്ടം സർക്കാരിനുമുണ്ടായി. ഡീസൽ ബോട്ടുകൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്നും ശബ്ദം വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നു എന്നുമാണ് വിദഗ്ഗ സമിതിയുടെ കണ്ടെത്തൽ. അതിനാൽ ഇലക്ട്രിക് ബോട്ട് സർവീസ് നടത്താനുള്ള സാധ്യതകളും ഹൈഡൽ ടൂറിസം വിഭാഗം പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam