മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് ഏറ്റുവാങ്ങിയ ആദിത്യന് വീട് വെച്ച് നൽകുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കാർഷിക ദിനാഘോഷ ചടങ്ങിലാണ് അവാർഡ് ദാനവും, വീട് പ്രഖ്യാപനവും നടത്തിയത്.

ആലപ്പുഴ: കാര്‍ഷിക കേരളത്തിന് പ്രചോദനമായ കുട്ടിക്കര്‍ഷകന്‍ ആലപ്പുഴ അരീപ്പറമ്പ് സ്വദേശി ആദിത്യന് വീടുവെച്ചു നല്‍കുമെന്ന് കൃഷി മന്ത്രിയുടെ പ്രഖ്യാപനം. ആറാം ക്ലാസുകാരന്‍ ആദിത്യന്‍റെ കൃഷി മികവിനെ കുറിച്ചും ഒറ്റമുറി ഷെഡിലെ ജീവിതത്തെ കുറിച്ചുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രി ടി സിദ്ദിഖിന്‍റെ ഇടപെടല്‍. എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കാർഷിക ദിനാഘോഷ ചടങ്ങിലാണ് അവാർഡ് ദാനവും, വീട് പ്രഖ്യാപനവും നടത്തിയത്.

പന്ത്രണ്ട് വയസ് മാത്രമാണ് പ്രായമെങ്കിലും വിസ്മയിപ്പിക്കുന്ന കൃഷിയറിവുകളിലൂടെയും കൃഷിയിലൂടെയും ഏവരെയും പ്രചോദിപ്പിക്കുന്ന അരീപ്പറമ്പിലെ ആദിത്യനെ നമസ്തേ കേരളത്തിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചിങ്ങപ്പുലരിയല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. പുതുതലമുറയെയാകെ പ്രോല്‍സാഹിപ്പിക്കുന്ന കുട്ടിക്കര്‍ഷകന്‍റെ വീടിന്‍റെ ശോച്യാവസ്ഥ ഏഷ്യാനെറ്റ് ന്യൂസിലൂടെ കണ്ടായിരുന്നു കൃഷി മന്ത്രി ടി സിദ്ദിഖിന്‍റെ ഇടപെടല്‍. കൊച്ചിയില്‍ കാര്‍ഷിക മേഖലയിലെ മികവു തെളിയിച്ചവര്‍ക്ക് പുരസ്കാരം സമ്മാനിക്കുന്ന വേദിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആദിത്യന് വീടുവെച്ചു നല്‍കുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചു. ആദിത്യന്‍റെയും കുടുംബത്തിന്‍റെയും വലിയ സന്തോഷത്തിന്‍റെ ചെറിയ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസും.