
മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ വയനാട്ടിൽ നിന്ന് വിദഗ്ധസംഘം എത്തി ആനയെ പരിശോധിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി എഫ്ഒ പി കാർത്തിക് പറഞ്ഞു. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവെച്ച് പിടുകൂടാനാണ് ആലോചന. ഇതു സംബന്ധിച്ച് ചീഫ് എലിഫന്റ് വാർഡിന്റെ നിർദ്ദേശം വേണം. നിർദ്ദേശം ലഭിച്ചാൽ നടപടികളുമായി മുന്നോട്ടു പോകും.
ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നീക്കങ്ങൾ നടത്തൂവെന്നും ഡിഎഫ്ഒ വ്യക്തമാക്കി. കിണറിന്റെ വശങ്ങൾ ഇടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. നാട്ടുകാരുടെ വികാരം കൂടി മനസ്സിലാക്കി തീരുമാനമെടുക്കും. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. ഒരു ആനയെ ഇവിടെ നിന്ന് മാറ്റിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. വനം മന്ത്രിയുടെ നിർദ്ദേശങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആനയെ മയക്കുവെടി വച്ച് കിണറ്റിൽ നിന്ന് കയറ്റി ദൂരെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞിരിക്കുന്നത്. സ്ഥലം സന്ദർശിച്ച മുൻ എംഎൽഎ പിവി പിവി അൻവർ വനം വകുപ്പിനും സർക്കാരിനുമെതിരെ നിലപാടെടുത്തു. ആന ചവിട്ടി കൊല്ലുമ്പോൾ കൊടുക്കാനുള്ള 5 ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഫോറസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam