വിതുരയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ, ജീവനറ്റ അമ്മയെ വിട്ടു പോകാതെ കുട്ടിയാന

By Web TeamFirst Published Jan 23, 2021, 11:32 AM IST
Highlights

ജീവൻ നഷ്ടമായ തള്ളയാനയെ തൊട്ടും തലോടിയും കുട്ടിയാന മണിക്കൂറുകളായി ഒപ്പം നിൽക്കുകയണ്. 

തിരുവനന്തപുരം: വിതുരയ്ക്ക് അടുത്ത് കല്ലാറിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാറിന് അടുത്ത് 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ ആന എങ്ങനെ ചെരിഞ്ഞുവെന്ന് വ്യക്തമാവൂ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ആനയുടെ അടുത്ത് നിന്നും കുട്ടിയാന ഇതുവരെ മാറാൻ തയ്യാറായിട്ടില്ല. വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ആന ചെരിഞ്ഞത്. രാവിലെ ഇവിടെ റബ്ബർ വെട്ടാൻ എത്തിയവരാണ് ആനയേയും കുട്ടിയാനയേയും കണ്ടത്. 

വനംവകുപ്പിൻ്റെ പാലോട് റേഞ്ച് ഓഫീസർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ആനയെ ആരും വേട്ടയാടിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും എന്തെങ്കിലും അസുഖം മൂലം ആന ചെരിഞ്ഞതാണോയെന്ന് സംശയമുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിയാനയെ കൂടാതെ വേറെ ആനകളുടെ സാന്നിധ്യമൊന്നും പ്രദേശത്ത് തിരിച്ചറിയാനായിട്ടില്ല. 

ജീവൻ നഷ്ടമായ തള്ളയാനയെ തൊട്ടും തലോടിയും കുട്ടിയാന മണിക്കൂറുകളായി ഒപ്പം നിൽക്കുകയണ്. കുട്ടിയാനയെ  സ്ഥലത്ത് മാറ്റിയാൽ മാത്രമേ വനംവകുപ്പിന് പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. എന്നാൽ അമ്മയെ വിട്ടു പോകാൻ കുട്ടിയാന തയ്യാറാവാത്തത് വനംവകുപ്പിന് വെല്ലുവിളിയായിട്ടുണ്ട്. തത്കാലം കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലേക്ക് കുട്ടിയാനയെ കൊണ്ടു പോകാനാണ് വനംവകുപ്പിൻ്റെ തീരുമാനം. 

click me!