കോഴിക്കോട്ടെ തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ പ്രാദേശിക സിപിഎം നേതാക്കളാണെന്ന് ആരോപണം ഉയർന്നതോടെ സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ രാജി സന്നദ്ധത അറിയിച്ചു. മുന്നണിയിലെ അനിശ്ചിതത്വം പാർട്ടിക്കുള്ളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

കോഴിക്കോട്: ഇടതുമുന്നണിയിൽ തങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്ന പരാതിയുമായി ആർജെഡി രംഗത്ത്. മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായതോടെ സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ രാജി സന്നദ്ധത അറിയിച്ചു. ആർജെഡി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും മുന്നണിയോടുള്ള അതൃപ്തിയും പരസ്യമായത്.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട്ടെ തോൽവിയാണ് പ്രധാനമായും ആരോപണങ്ങളുടെ ആണിക്കല്ലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ മത്സരിച്ച അഞ്ച് സീറ്റുകളിലും ആർജെഡി പരാജയപ്പെട്ടിരുന്നു. പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ട് തങ്ങളെ തോൽപ്പിച്ചതാണെന്ന് ആർജെഡി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുമുണ്ട്. തോൽവിയെക്കുറിച്ച് പഠിക്കാൻ ജില്ലാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.

മേഖലാ ജാഥ ബഹിഷ്കരണത്തിനും ആഹ്വാനമുയിര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ഇടതുമുന്നണിയുടെ മേഖലാ ജാഥ കോഴിക്കോട് എത്തുമ്പോൾ അത് ബഹിഷ്കരിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മുന്നണി മര്യാദകൾ ലംഘിക്കപ്പെടുന്നു എന്നതാണ് ഇവരുടെ പ്രധാന വാദം. പാർട്ടിക്കുള്ളിൽ നിന്നുതന്നെ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ശ്രേയാംസ് കുമാർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ചില പ്രമുഖ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി എങ്ങനെ സഹകരിക്കണം എന്ന കാര്യത്തിൽ ആർജെഡിയിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുകയാണ്.