
കൽപ്പറ്റ: ദുരന്ത ബാധിതരുടെ വായ്പ മോറട്ടോറിയവുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഉടൻ തീരുമാനിക്കുമെന്ന് എസ്എൽബിസി ജനറൽ മാനേജർ കെഎസ് പ്രദീപ്. വായ്പയെടുത്ത ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം നൽകുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കെഎസ് പ്രദീപ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവത്തോണിലാണ് എസ്എൽബിസി ജനറൽ മാനേജറുടെ പരാമർശം.
നേരത്തെയുണ്ടായിരുന്ന നിർദേശപ്രകാരമനുസരിച്ചായിരിക്കും ഇഎംഐ പിടിച്ചിട്ടുണ്ടാവുക. മനപ്പൂർവ്വം ചെയ്തതായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർമാനുമായി സംസാരിക്കുമെന്നും ഒഴിവാക്കാൻ പറയുമെന്നും ജനറൽ മാനേജർ പറഞ്ഞു. ബാങ്കുകളുടെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയാവുന്നത് പരമാവധി ചെയ്യാനുള്ള ചെയ്ത് നൽകുമെന്നും ക്യാമ്പുകളിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചുവരികയാണെന്നും കെഎസ് പ്രദീപ് പറഞ്ഞു.
ചൂരൽമലയിൽ കേരള ഗ്രാമീൺ ബാങ്കും കേരള ബാങ്കും ഉൾപ്പെടെ ബാങ്കുകൾ നൽകിയിട്ടുള്ളത് 29 കോടിയോളം രൂപയുടെ വായ്പയാണ്. മേപ്പാടിയിൽ 7 ബാങ്കുകളുമുണ്ട്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ ബാങ്കുകളും തമ്മിലുള്ള യോഗം നടന്നുകഴിഞ്ഞു. യോഗത്തിൽ റിസർവ്വ് ബാങ്കിന്റെ ഉൾപ്പെടെയുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. എന്നാൽ വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ ഗൈഡ് ലൈൻ അനുസരിച്ച് മാക്സിമം റിലീഫ് നൽകാനാണ് തീരുമാനിച്ചതെന്നും കെഎസ് പ്രദീപ് പറഞ്ഞു.
പുനരധിവാസത്തിനൊപ്പം ഉപജീവനം ഉറപ്പാക്കാൻ എന്തൊക്കെ പദ്ധതികളുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിൽ ഇനിയൊരു മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ കേരളം എങ്ങനെയൊക്കെ കരുതലെടുക്കും, ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ ദുരന്തഭൂമിയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിലൂടെ. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അതിജീവനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിൽ ഉയരും. ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖരാണ് പങ്കെടുക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8